തൊടിയൂർ: അടച്ചു കഴിഞ്ഞാൽ ആവശ്യാനുസരണം തുറക്കാൻ കഴിയാത്ത റെയിൽവേ ഗേറ്റുകൾ കാൽനടയാത്രക്കാരെ വട്ടംചുറ്റിക്കുന്നു. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തെക്കും വടക്കും ഭാഗങ്ങളിലെ ഗേറ്റുകളാണ് തുടർച്ചയായി തകരാറിലാകുന്നത്. രണ്ടു ദിവസങ്ങൾക്ക് മുമ്പ് മാരാരിത്തോട്ടം ക്ഷേത്രത്തിന് വടക്കുവശത്തെ ഗേറ്റ് തുറക്കാനാവാത്ത നിലയിൽ അടഞ്ഞുകിടന്നിരുന്നു. ചിലപ്പോൾ ഈ രീതിയിൽ ദിവസങ്ങളോളം റോഡ് ഗതാഗതം തടസപ്പെട്ട സംഭവങ്ങളുമുണ്ട്. മറ്റു ലെവൽ ക്രോസുകളിലെ സ്ഥിതിയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ട്രെയിൻ കടന്നു പോകുന്നതിനായി അടച്ചിടുന്ന ലെവൽ ക്രോസിൽ കാത്തുനിന്ന് മടുത്ത യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതാണ് അടച്ചാൽ തുറക്കാത്ത റെയിൽവേ ഗേറ്റുകൾ. പ്രശ്നത്തിന് പരിഹാരം കാണാൻ റെയിൽവേ അധികൃതർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഞായറാഴ്ച മുതൽ അടഞ്ഞ് കിടക്കുന്ന റെയിൽവേ ഗേറ്റ്
റെയിൽവേ സ്റ്റേഷന് തൊട്ടു തെക്കുവശത്തായുള്ള കരുനാഗപ്പള്ളി - വെളുത്ത മണൽ റോഡിലെ റെയിൽവേ ഗേറ്റ് ഞായറാഴ്ച രാത്രി മുതൽ അടഞ്ഞുകിടക്കുകയാണ്. ഇക്കാര്യമറിയാതെ പതിവുപോലെ ഇതുവഴി ബസിലും കാറിലും ഇരുചക്രവാഹനങ്ങളിലും വന്ന യാത്രക്കാർ തിരികെ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങിയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. തുടർച്ചയായി തകരാറിലാകുന്ന ഈ റെയിൽവേ ഗേറ്റിന്റെ പ്രവർത്തനം കുറ്റമറ്റ നിലയിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ റെയിൽവേ അധികൃതർ ഈ ആവശ്യം കേട്ട മട്ടില്ല.