കൊട്ടാരക്കര: മണ്ണിനെ സ്നേഹിക്കുന്ന കർഷകരിലാണ് കേരളത്തിന്റെ എക്കാലത്തെയും പ്രതീക്ഷയെന്ന് മന്ത്രി കെ.രാജു പറഞ്ഞു. അക്ഷരം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ശാന്തിഗിരി ആശ്രമത്തിൽ സംഘടിപ്പിച്ച അക്ഷരം ഓണോത്സവത്തിന്റെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം ബാക്കിവച്ച മണ്ണിൽ വീണ്ടും പച്ചപ്പ് പടർത്താനുള്ള ശ്രമമാണ് നടക്കുന്നത്. തോൽക്കാൻ മനസില്ലാത്തവരാണ് നമ്മുടെ കർഷക പ്രതിഭകൾ. അവർക്ക് താങ്ങും തണലുമാകാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പുതിയ പദ്ധതികൾ ഈ മേഖലയിൽ നടപ്പാക്കുന്നുണ്ട്. സന്നദ്ധ സംഘടനകളുടെ സഹകരണം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അക്ഷരം ചെയർമാൻ പല്ലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 116 കർഷകരെ പി.ഐഷാ പോറ്റി എം.എൽ.എ ആദരിച്ചു. വിവിധ മേഖലകളിലെ പ്രതിഭകൾക്ക് മന്ത്രി അവാർഡുകൾ സമ്മാനിച്ചു. അക്ഷരം മാസികയുടെ ഓണം സ്പെഷ്യൽ പ്രകാശനം ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, ആർ.എസ്.പി ദേശീയ എക്സി. അംഗം കെ.എസ്. വേണുഗോപാലിന് നൽകി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ, നഗരസഭാ വൈസ് ചെയർമാൻ ഡി. രാമകൃഷ്ണ പിള്ള, മുൻ വൈസ് ചെയർമാൻ സി. മുകേഷ്, സ്വാമി ഭാസുര ജ്ഞാന തപസ്വി, ജി. അജയകുമാർ, കെ.വി. സന്തോഷ് ബാബു, ഷൈജ കൊടുവള്ളി, എസ്. രത്നലാൽ, എസ്. ശ്രീകുമാർ, അജീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. രാവിലെ ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വിയാണ് ഓണോത്സവം പരിപാടി ഉദ്ഘാടനം ചെയ്തത്. സംഘാടക സമിതി ചെയർപേഴ്സൺ ഷക്കീല അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്. ബിജുരാജ് സ്വാഗതവും പ്രഭാകുമാരി നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയ്ക്ക് ശേഷം നടന്ന കവിഅരങ്ങ് ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 22 കലാ പ്രതിഭകൾ പങ്കെടുത്ത മെഗാഷോയും നടന്നു.