ഇരവിപുരം: ഭരണഘടന അട്ടിമറിക്കുവാൻ പരിശ്രമം നടന്നു വരുന്നതായി മന്ത്രി കെ. രാജു പറഞ്ഞു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ആണ്ടുനേർച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വം ഉദ്ഘോഷിക്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. ഭരണഘടന ഉറപ്പാക്കുന്ന മതേതരത്വത്തെ അട്ടിമറിക്കുവാൻ അനുവദിച്ചുകൂടാ. കേന്ദ്ര വഖഫ് ബോർഡിന്റെ അവാർഡ് ലഭിച്ച കൊല്ലുർവിള ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിന് അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്ത് പ്രസിഡന്റ് എ. യൂനുസ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ, ഭാരവാഹികളായ വൈ. ഇസ്മായിൽ കുഞ്ഞ്, അൻസാരി, യഹിയാ കോയ, ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ ഷൗക്കത്ത്, അഷറഫ്, അറാഫത്ത്, വാഹിദ്, ഇക്ബാൽ, താജുദീൻ, അസനാരുകുഞ്ഞ്, ഷിഹാബുദീൻ, അസിസ്റ്റന്റ് ഇമാം മുഹമ്മദ് ഫൈസൽ ബാഖവി എന്നിവർ സംസാരിച്ചു.