kunnathur
ചക്കുവള്ളി മാർക്കറ്റിലെ ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നു

കുന്നത്തൂർ: ചക്കുവള്ളി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന പൊതു മാർക്കറ്റ് ചീഞ്ഞുനാറുന്നു. ചന്തയ്ക്കുള്ളിലുള്ള ഓടയിലൂടെ മാലിന്യം നിറഞ്ഞൊഴുകി ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ട് ഏറെ ദിവസങ്ങളായെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടത്തെ ഒാടയിൽ കറുപ്പ് നിറത്തിലുള്ള മലിന ജലം കെട്ടിക്കിടക്കുന്നത് മൂലം സാംക്രമിക രോഗങ്ങൾ പകരുമോയെന്ന ആശങ്കയിലാണ് സാധനം വാങ്ങാനെത്തുന്നവരും കച്ചവടക്കാരും. ചന്തയിലെ ഓട നിറഞ്ഞ് ദേശീയ പാതയിലൂടെയും പലപ്പോഴും മലിനജലം ഒഴുകുന്നുണ്ട്. നൂറു കണക്കിനാളുകൾ ദിനംപ്രതി എത്തുന്ന മാർക്കറ്റിൽ നിരവധി സ്ഥിരം കച്ചവടക്കാരുമുണ്ട്. ചക്കുവള്ളിയുടെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും വലയുകയാണ്. ഒാടയിൽ നിന്നുള്ള മലിന ജലത്തിന്റെ ദുർഗന്ധം കാരണം മൂക്കുപൊത്താതെ മാർക്കറ്റിലേക്ക് കയറാനോ നിൽക്കാനോ കഴിയാത്ത അവസ്ഥയാണ്. ഓട വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും പരാതി.

കൊതുകുശല്യം

ചന്തയ്ക്കുള്ളിലുള്ള ഓടയിൽ മലിന ജലം കെട്ടിക്കിടക്കുന്നത് മൂലം കൊതുകുശല്യം ഇവിടെ അതി രൂക്ഷമാണെന്ന് ചന്തയിലെത്തുന്നവർ പറയുന്നു. എത്രയും പെട്ടെന്ന് ഓട വൃത്തിയാക്കി ജലം ഒഴുക്കാനുള്ള സൗകര്യമുണ്ടാക്കിയില്ലെങ്കിൽ ഡെങ്കിപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാദ്ധ്യത വിരളമല്ല.

പോരുവഴി പഞ്ചായത്ത്

കൊല്ലം - തേനി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റ് പോരുവഴി പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നീ ഗ്രാമ പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമാണ് ചക്കുവള്ളി.