കരുനാഗപ്പള്ളി: സാമൂഹ്യ മാറ്റിത്തിന് വേണ്ടി പ്രവർത്തിച്ച പ്രമുഖരെ സ്മരിക്കാൻ ഇന്നതെ തലമുറ തയ്യാറാകണമെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എ. സോമരാജൻ അഭിപ്രായപ്പെട്ടു. കേരളകൗമുദിയും കോഴിക്കോട് എസ്.എൻ.വി.എൽ.പി സ്കൂളും സംയുക്തമായി സ്കൂളിൽ സംഘടിപ്പിച്ച ഗ്രാമസംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യകൊണ്ട് പ്രബുദ്ധരാകണം എന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശമാണ് സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള കരുത്തുപകർന്നത്. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കണമെന്നാണ് എസ്.എൻ.ഡി.പി യോഗം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ മാനേജർ തയ്യിൽ തുളസി അദ്ധ്യക്ഷത വഹിച്ചു. സ്കൂളിന്റെ സ്ഥാപക മാനേജർ തയ്യിൽ കുഞ്ഞുപിള്ളയുടെ ഛായാചിത്രം യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അനാഛാദനം ചെയ്തു. സ്കൂളിലെ പ്രഥമാദ്ധ്യാപകരായിരുന്ന കെ. സുഭദ്രകുട്ടി, പതിയിൽ പുഷ്പാംഗദൻ, എം. തങ്കമണി, ജി. യശോധര എന്നിവരെയും മുൻ അദ്ധ്യാപിക ആർ. അംബുജാക്ഷിയേയും കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ആദരിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പനക്കുളങ്ങര, വസുമതി രാധാകൃഷ്ണൻ, നഗരസഭാ കൗൺസിലർ മുനമ്പത്ത് ഗഫൂർ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം പി.വൈ. സന്തോഷ് കുമാർ, ഒ. മിനി ടീച്ചർ, പി.ടി.എ പ്രസിഡന്റ് താഹ എം. പുതുവീട് തുടങ്ങിയവർ പ്രസംഗിച്ചു. കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ. രവി സ്വാഗതവും ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ നന്ദിയും പറഞ്ഞു.