കൊല്ലം: സൊസൈറ്റി ഒഫ് ഓട്ടോമേറ്റീവ് എൻജിനീയേഴ്സ് ദേശീയ തലത്തിൽ സംഘടിപ്പിച്ച ട്രാക്ടർ മത്സരത്തിൽ കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജ് റണ്ണേഴ്സ് അപ്പ് ആയി. കേരളത്തിൽ നിന്നുള്ള എട്ട് ടീമുകൾ ഉൾപ്പടെ രാജ്യത്തെ വിവിധ കലാലയങ്ങളിൽ നിന്നുള്ള 35 ടീമുകൾ ചെന്നൈ എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ നടന്ന മത്സരത്തിൽ പങ്കെടുത്തിരുന്നു.
ഡിസൈനിംഗിൽ ഒന്നാം സ്ഥാനവും പ്രവർത്തനമികവിൽ രണ്ടാം സ്ഥാനവും ടി.കെ.എമ്മിനാണ്. എൻജിനിൽ ഒരു മാറ്റവും വരുത്താതെ രൂപകൽപ്പനയിലും നിർമ്മാണത്തിലും വരുത്തുന്ന സവിഷേശതകളിലൂടെ ട്രാക്ടറിന്റെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതാണ് പ്രധാന വെല്ലുവിളി. എൻജിൻ ഒഴികെയുള്ള യന്ത്റഭാഗങ്ങൾ വിദ്യാർത്ഥികൾ തന്നെ സ്വയം രൂപകൽപ്പന ചെയ്തു നിർമ്മിക്കുന്നതിലെ പ്രാഗത്ഭ്യം വിലയിരുത്തുന്ന സ്റ്റാറ്റിക് ടെസ്റ്റ് ആണ് പ്രധാന മൽസരയിനം. ഒരുലക്ഷം രൂപയും പുരസ്‌കാരവുമാണ് റണ്ണേഴ്സ് അപ്പ് ടീമിന് ലഭിക്കുന്നത്. ആറാം സെമസ്റ്റർ വിദ്യാർത്ഥി ലിൻജോ റിജോയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദ്യാർത്ഥിസംഘത്തെ നയിച്ചത് പ്രൊഫ. അഹമ്മദ് വാസിം ആയിരുന്നു. വിജയികളെ ടി. കെ. എം ട്രസ്റ്റ് പ്രസിഡന്റ് ഷഹാൽ ഹസ്സൻ മുസലിയാർ, ട്രഷറർ ജലാലുദ്ദീൻ മുസലിയാർ എന്നിവർ അഭിനന്ദിച്ചു.