കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജില്ലാതല ഹിയറിംഗ് പൂർത്തിയായി.
1045 ആക്ഷേപങ്ങളാണ് പരിഗണിച്ചത്. 998 പേർ രേഖകൾ ഹാജരാക്കി പങ്കെടുത്തു. മൂന്ന് (സി) പ്രകാരം ആക്ഷേപങ്ങൾ ഹാജരാക്കിയവർക്ക് കാവനാട് സ്പെഷ്യൽ തഹസീൽദാർ ഓഫീസിലായിരുന്നു ഹിയറിംഗ്. ലഭിച്ച പരാതികളിൽ കൂടുതലും അലൈൻമെന്റ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ളവയായിരുന്നു. അര മീറ്റർ മുതൽ ഒന്നര മീറ്റർവരെ അലൈൻമെന്റ് മാറ്റിയാൽ താമസ കെട്ടിടവും കടകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏറ്റെടുത്ത് കഴിഞ്ഞ് ബാക്കിവരുന്ന ഭൂമിയിൽ ഉപാധിരഹിത നിർമാണം അനുവദിക്കണം, പുനരധിവാസ പാക്കേജ് നടപ്പിലാക്കണം, നഷ്ടപരിഹാരം ഒന്നായി ലഭ്യമാക്കണം, ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകണം തുടങ്ങിയ ആവശ്യങ്ങൾ പരിശോധിച്ചു. നഷ്ടപരിഹാര തുകയിൽ നിന്നും ആദായ നികുതി ഈടാക്കുന്നത് ഒഴിവാക്കണമെന്നും കെട്ടിടങ്ങളുടെ നഷ്ടപരിഹാരം, കെട്ടിടങ്ങൾ ഏറ്റെടുക്കുമ്പോൾ ബാക്കിവരുന്ന കെട്ടിടങ്ങൾക്ക് ഉണ്ടാകുന്ന ബലക്ഷയം, ഭൂമി ഏറ്റെടുക്കലിന് ശേഷം അവശേഷിക്കുന്ന ഭൂമി കൂടി ഏറ്റെടുത്ത് അക്വിസിഷൻ നടപടി പൂർത്തിയാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
ഐസ് ഫാക്ടറി, തിയേറ്റർ, ഓഡിറ്റോറിയങ്ങൾ എന്നിവ പൂർണമായും ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണം. പോസ്റ്റ് ഓഫീസിന് പകരം ഭൂമി അനുവദിച്ച് നൽകണം. പോരൂർകര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഖബർസ്ഥാൻ നീക്കം ചെയ്യരുതെന്നും വഖഫ് ബോർഡിന് നഷ്ടപരിഹാരം നൽകണമെന്നും ആക്ഷേപം ബോധിപ്പിച്ചിട്ടുണ്ട്
സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ആർ. സുമീതൻപിള്ളയുടെ നേതൃത്വത്തിൽ സ്പെഷ്യൽ തഹസീർദാർമാരായ എം. ഉഷാകുമാരി, അനിൽകുമാർ, വിപിൻകുമാർ, സജീദ് എന്നിവരാണ് ഹിയറിംഗ് നടത്തിയത്. ഭൂമി വിട്ടുനൽകുന്നവർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ സമയബന്ധിതമായി സർവേ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.