c
കരുനാഗപ്പള്ളി കോഴിക്കോട് എസ്.എൻ.വി എൽ.പി സ്കൂളിലെ 'എന്റെ വിദ്യാലയ'ത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂൾ സ്ഥാപക മാനേജർ തയ്യിൽ കുഞ്ഞുപിള്ളയുടെ ഫോട്ടോ അനാച്ഛാദനം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കോഴിക്കോട് എസ്.എൻ.വി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഗ്രാമ സംഗമം നാട്ടുകാരുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി. കേരളകൗമുദിയും സ്കൂളും സംയുക്തമായാണ് ഗ്രാമസംഗമം സംഘടിപ്പിച്ചത്. നാട്ടുകാർ, മുൻ അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, നിലവിലെ സ്കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 62 വർഷം പിന്നിടുന്ന സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ആറ് പതിറ്റാണ്ടിന് ശേഷമാണ് സ്ഥാപക സ്കൂൾ മാനേജർ തയ്യിൽ കുഞ്ഞുപിള്ളയുടെ ഛായാചിത്രം സ്കൂളിൽ അനാവരണം ചെയ്തത്. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ഗ്രാമസംഗമം പരിപാടി രണ്ടര മണിക്കൂർ നീണ്ടു നിന്നു. പ്രഥമാദ്ധ്യാപകരായി വിരമിച്ച കെ. സുഭദ്രകുട്ടി, പതിയിൽ പുഷ്പാംഗദൻ, ജി. ശോധര, എം. തങ്കമണി, മുൻ അദ്ധ്യാപിക ആർ. അംബുജാക്ഷി എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഇവർ പഠിപ്പിച്ചു വിട്ട നിരവധി പേർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്തിച്ചേരുകയും ഇവരിൽ പലരും വേദിയിൽ വിശിഷ്ട അതിഥികളായെത്തുകയും ചെയ്തത് കാണികളിൽ കൗതുകം പകർന്നു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് 226-ം നമ്പർ ശാഖായോഗമാണ് പരിപാടിക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.