കൊല്ലം: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ വേളമാനൂർ പുലിക്കുഴി സുഗന്ധി വിലാസത്തിൽ ഇന്ദിരയും കൊച്ചുമക്കളും ഇനി ലൈഫിന്റെ തണലിൽ. അമ്മ സുഗന്ധിയുടെ മരണശേഷം സുരക്ഷിതമായ ഇടം കണ്ടെത്താനാകാതെ അമ്മൂമ്മ അനാഥലയത്തിലേക്ക് മാറ്റിയ കുട്ടികളുടെ ജീവിതമാണ് സർക്കാരിന്റെ ഭവനനിർമ്മാണ പദ്ധതിയിലൂടെ മാറുന്നത്. സുരക്ഷിതമായ പുതിയ വീട്ടിലാകും ഈ കുടുംബം ഇനി കഴിയുക.
2013 - 14 സാമ്പത്തിക വർഷം ഇന്ദിര ആവാസ് യോജന പ്രകാരം രണ്ട് ലക്ഷം രൂപ വീട് നിർമ്മാണത്തിനായി അനുവദിച്ചിരുന്നു. എന്നാൽ സുഗന്ധിയുടെ മരണം കുടുംബത്തിന് വെള്ളിടിയായി മാറുകയായിരുന്നു. കുറ്റകൃത്യത്തിൽ അകപ്പെട്ട് സുഗന്ധിയുടെ ഭർത്താവ് ജയിലാകുക കൂടി ചെയ്തതോടെ അമ്മൂമ്മയാണ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. പക്ഷേ അടച്ചുറപ്പുള്ള വീടില്ലാത്തതിനാൽ ഇന്ദിരയ്ക്ക് ഈ ചുമതല നിർവഹിക്കാനായില്ല. നോക്കിനടത്താൻ ആരുമില്ലാതെ വീട് നിർമ്മാണവും മുടങ്ങി. തുടർന്ന് നിർമ്മിച്ച ഭാഗങ്ങൾ നശിച്ചുപോവുകയും ചെയ്തു.
സമ്പൂർണ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് ഒന്നാം ഘട്ടം തുടങ്ങിയതോടെയാണ് വീട് നിർമ്മാണത്തിന് വീണ്ടും വഴിതെളിഞ്ഞത്. വിവിധ സർക്കാർ പദ്ധതികളിലൂടെ വീട് അനുവദിക്കപ്പെടുകയും വിവിധ കാരണങ്ങളാൽ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാത്തതുമായ ഗുണഭോക്താക്കൾക്ക് സഹായം ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പുനർനിർമ്മാണത്തിന് മുൻകൈയെടുക്കുകയായിരുന്നു. തുടർന്ന് ഇന്ദിരയുടെ പേരിൽ ലൈഫ് പദ്ധതി സഹായമായി 1,20,000 രൂപ അനുവദിച്ചു. നിർമ്മാണം ഏറ്റെടുക്കാൻ ഇന്ദിരയ്ക്ക് കഴിയാത്തതിനാൽ പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റും സഹായത്തിനെത്തി.
കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് വീട് നിർമ്മിച്ചത്. വരാന്ത, രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ചേർന്ന 460 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മാണത്തിൽ കല്ലും മണ്ണും ചുമന്നത് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളായിരുന്നു.
ലൈഫ് വീടുകളിൽ ശുചിമുറി പുറത്ത് നിർമിക്കുന്ന പതിവിന് വിരുദ്ധമായി കുട്ടികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് വീടിനുള്ളിലാണ് സൗകര്യം ഒരുക്കിയത്. പ്രത്യേക പരിഗണനയോടെയാണ് പൈപ്പ് കണക്ഷനും നൽകിയത്. ഒരു ലക്ഷത്തിലധികം രൂപ അദ്ധ്യാപകരും കുട്ടികളും മാനേജ്മന്റെും ചേർന്ന് വീട് നിർമ്മാണത്തിനായി നൽകുകയും ചെയ്തു. കുടുംബത്തിന്റെ പുതിയ ലൈഫിലേക്കുള്ള താക്കോൽ യു.കെ.എഫ് എൻജിനിയറിംഗ് കോളജിൽ ജനപ്രതിനിധികൾ സാക്ഷിയായി ഫ്രഷേഴ്സ് ഡേ പരിപാടയിലാണ് കൈമാറിയത്.