കൊല്ലം: ആരോഗ്യമേഖലയിലെ സമഗ്രവികസനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ആർദ്രം മിഷൻ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചക്കുവരയ്ക്കൽ ആഞ്ചാണാംകുഴിയിൽ വെട്ടിക്കവല ബ്ലോക്ക് സഹകരണ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിൽ കേരളത്തിലെ ആരോഗ്യ മേഖല മാറിക്കഴിഞ്ഞു. സർക്കാരിന്റെ ജനകീയവും ജനാധിപത്യപരവുമായ നയങ്ങളാണ് ആരോഗ്യമേഖലയിലെ വളർച്ചയ്ക്ക് കാരണമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ആരോഗ്യ മേഖലയുടെ പുരോഗതിക്കും വികസനത്തിനുമായി 1000 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. നിപ്പ പോലെയുള്ള രോഗങ്ങളെ പ്രതിരോധിച്ചത് ആരോഗ്യ മേഖലയിൽ നേടിയ കരുത്തിന്റെ അടയാളമാണെന്നും മന്ത്രി വ്യക്തമാക്കി.
കെ.ബി. ഗണേശ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. സഹകരണ ആശുപത്രി പ്രസിഡന്റ് ബി.ആർ. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ലബോറട്ടറിയുടെ പ്രവർത്തനോദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി നിർവഹിച്ചു. സഹകരണ എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാൽ ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആശുപത്രി സ്ഥാപകരിൽ പ്രധാനിയും ദീർഘനാൾ പ്രസിഡന്റുമായിരുന്ന കെ.കെ. ബാലകൃഷ്ണപിള്ളയുടെ ചിത്രം കശുഅണ്ടി വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ആർ. സഹദേവൻ അനാച്ഛാദനം ചെയ്തു. ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതികളുടെ ഉദ്ഘാദനം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. രാജഗോപാലൻ നായർ നിർവഹിച്ചു. കെട്ടിടത്തിന്റെ താക്കോൽ ദാനവും കമ്പ്യൂട്ടർവൽക്കരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ജോൺസൻ നിർവഹിച്ചു. ആശുപത്രിക്ക് ഭൂമി നൽകിയ ഇടമുകളിൽ വീട്ടിൽ ചെറുപ്പെണ്ണിനെ ആദരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈൻ പ്രഭ, ജില്ലാ പഞ്ചായത്ത് അംഗം സരോജിനി ബാബു, സീരിയൽ താരം പ്രമോദ് മണി, ഡോ. എസ്. കണ്ണനുണ്ണി, വാർഡ് മെമ്പർ ജെ. മോഹൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, സഹകരണ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കെട്ടിടത്തിൽ ലബോറട്ടറി, ഇ.സി.ജി, ഒബ്സെർവേഷൻ വാർഡ് തുടങ്ങിയ സംവിധാനങ്ങളാണ് ആരംഭിക്കുന്നത്. 27 ലക്ഷം രൂപ ചെലവഴിച്ചു ബ്ലോക്ക് പഞ്ചായത്താണ് കെട്ടിടം നിർമ്മിച്ചത്.