താന്നി മുതൽ കൊല്ലം ബീച്ച് വരെ 23 പുലിമുട്ടുകൾ
പദ്ധതി തുക: 35.08 കോടി, നിർമ്മാണ കാലാവധി: 18 മാസം
കൊല്ലം: കടൽകയറ്റം രൂക്ഷമായ താന്നി മുതൽ കൊല്ലം ബീച്ച് വരെയുള്ള നാല് കിലോ മീറ്റർ തീരത്ത് 23 പുലിമുട്ടുകളുടെ നിർമ്മാണം അടുത്തമാസം ആരംഭിക്കും. പദ്ധതിയുടെ ടെണ്ടറിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ മൂവാറ്റുപുഴയിലുള്ള കമ്പനിക്ക് നിർവഹണ ഏജൻസിയായ കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.സി.എ.ഡി.സി) വർക്ക് ഓർഡർ നൽകി. മൂന്ന് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്.
വിവിധ വകുപ്പുകളുടെ ചീഫ് എൻജിനിയർമാരടങ്ങിയ സമിതി നടത്തിയ സാങ്കേതിക പരിശോധനയിലും മൂന്ന് കമ്പനികളും യോഗ്യത തെളിയിച്ചു. തുടർന്നാണ് ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത മൂവാറ്റുപുഴയിലുള്ള കമ്പനിക്ക് വർക്ക് ഓർഡർ നൽകിയത്. 14 ദിവസത്തിനുള്ളിൽ കമ്പനി കെ.എസ്.സി.എ.ഡി.സിയുമായി നിർമ്മാണ കരാർ ഒപ്പുവയ്ക്കും. ഒരുമാസത്തിനകം നിർമ്മാണം ആരംഭിക്കും. 35.08 കോടിയാണ് പദ്ധതി തുക. 18 മാസമാണ് നിർമ്മാണ കാലാവധി
50 മുതൽ 100 മീറ്റർ വരെയാകും പുലിമുട്ടുകളുടെ നീളം.
ഒരു പുലിമുട്ടിന്റെ രണ്ടര മുതൽ മൂന്നിരട്ടി വരെ അകലത്തിലായിരിക്കും അടുത്തത് സ്ഥാപിക്കുക
സമുദ്ര നിരപ്പിൽ നിന്ന് 3.5 മുതൽ 4.5 മീറ്റർ വരെ ഉയരമുണ്ടാകും
രണ്ട് ടൺ വീതം ഭാരമുള്ള സിമന്റ് ടെട്രോപോഡുകൾ കൊണ്ടാകും 3 മീറ്റർ വീതിയിൽ മുകൾ ഭാഗത്തെ സമതലം.
ചെന്നൈ ഐ.ഐ.ടി പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കണ്ടെത്തിയ മണൽ നീക്കത്തിന്റെ തോത് അടിസ്ഥാനമാക്കിയാണ് പുലിമുട്ടുകളുടെ നീളവും ഉയരവും
കല്ലിടാൻ അനുയോജ്യം
ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കടൽ പൊതുവെ ശാന്തമാണ്. അല്ലാത്ത സമയങ്ങളിൽ കല്ലിട്ടാൽ ശക്തമായ തിരയിൽ ഒലിച്ചുപോകാനുള്ള സാദ്ധ്യതയുണ്ട്. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ ജലനിരപ്പിന് താഴെയുള്ള ഭാഗത്തെ കല്ലിടൽ മൂന്ന് മാസത്തിനകം പൂർത്തിയാക്കും.