ഒന്നാന്തരം എ.സി മുറികൾ, കിടന്നുറങ്ങാൻ കിംഗ് സൈസ് ബെഡ്, ഇഷ്ടാനുസരണം കളിക്കാൻ പ്ലേ ഏരിയ.. ഈ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ വിശേഷങ്ങൾ കേട്ടാൽ ഒരു ദിവസമെങ്കിലും അവിടെയൊന്ന് കഴിയാൻ ആർക്കുമൊന്ന് കൊതി തോന്നും. പക്ഷേ, അങ്ങനെ ആഗ്രഹിക്കാൻ വരട്ടെ. അവിടെ മറ്റാർക്കും പ്രവേശനമില്ല.
പക്ഷേ, പൂച്ചകൾ എത്തിയാലോ.. സുസ്വാഗതം! ആഡംബര സൗകര്യങ്ങൾ അനുഭവിച്ച് പൂച്ചകൾക്ക് ഇവിടെ കഴിയാം. ഇതാണ് കാറ്റ് സോൺ എന്ന് പേരുള്ള, പൂച്ചകൾക്ക് മാത്രമുള്ള ലോകത്തിലെ ആദ്യത്തെ ഫൈഫ് സ്റ്റാർ ഹോട്ടൽ. സംഗതി അങ്ങ് മലേഷ്യയിലാണ്.
ഉടമസ്ഥർ തിരക്കുകളിൽ മുഴുകുമ്പോൾ തങ്ങളുടെ പൂച്ചകളെ ഇവിടേക്ക് ഏൽപ്പിക്കാം. 35 മുറികളുണ്ട് ഈ ഹോട്ടലിൽ. അത് പല കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. പൂച്ച സ്നേഹികളെ മാത്രമേ ഇവിടെ ജോലിക്കാരായി എടുത്തിട്ടുള്ളൂ. പൂച്ചകൾക്ക് ഹോട്ടലിൽ നൽകുന്നത് ഹൈ ക്ളാസ് ഭക്ഷണം. വീടുപോലെയുള്ള അന്തരീക്ഷം. സ്പെഷ്യൽ ഷാമ്പു ഉപയോഗിച്ച് ശരീരം വൃത്തിയാക്കാനും സൗകര്യം. ഉടമസ്ഥർക്ക് സ്മാർട്ട് ഫോൺ വഴി ഹോട്ടലിൽ കഴിയുന്ന പൂച്ചകളെ കാണാനും സംവിധാനം.
പക്ഷേ, സൗകര്യങ്ങൾ കൂടുന്തോറും റേറ്റും മാറും. എന്നാൽ, പൂച്ചകളെ ഇവിടെ എത്തിക്കുന്ന ഉടമസ്ഥർക്ക് അതൊന്നും വിഷയമല്ല. മികച്ച സൗകര്യത്തോടെ തങ്ങളുടെ പൂച്ചകൾ അവിടെ കഴിയണമെന്നുമാത്രം. മൂന്ന് മണിക്കൂർ മുതൽ ഒരു വർഷംവരെ പൂച്ചകൾക്ക് താമസിക്കാനുള്ള പാക്കേജുകൾ ഹോട്ടൽ ഒരുക്കിയിട്ടുണ്ട്.