ആഭ്യന്തര വിപണനം വർദ്ധിപ്പിക്കുക ലക്ഷ്യം
കൊല്ലം: കശുഅണ്ടി പരിപ്പിന്റെ ആഭ്യന്തര വിൽപ്പന വർദ്ധിപ്പിക്കാൻ കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിൽ വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു. സംസ്ഥാന തല ഉദ്ഘാടനം കിളിമാനൂർ ഫാക്‌ടറിയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു.
കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. ആഭ്യന്തര വിപണനത്തിലൂടെ രണ്ട് കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പറഞ്ഞു. കോർപ്പറേഷൻ എം.ഡി രാജേഷ് രാമകൃഷ്‌ണൻ, ഭരണസമിതി അംഗം ജി.ബാബു, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു തുടങ്ങിയവരും പങ്കെടുത്തു.
കശുഅണ്ടി പരിപ്പിന് 25 ശതമാനം വിലക്കുറവ്
ഓണം പ്രമാണിച്ച് വിപണന കേന്ദ്രത്തിൽ നിന്ന് കശുഅണ്ടി പരിപ്പ് വാങ്ങുന്നവർക്ക് 25 ശതമാനം വിലക്കുറവ് ലഭിക്കും. എല്ലാ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും കശുഅണ്ടി പരിപ്പ് ലഭ്യമാക്കാൻ കൂടിയാണ് ഫാക്ടറികളിലെല്ലാം ഔട്ട്ലെറ്റുകൾ ആരംഭിച്ചത്.
കയറ്റുമതിയെക്കാൾ മെച്ചപ്പെട്ട വില കശുഅണ്ടി പരിപ്പിന് ലഭിക്കുന്നത് ആഭ്യന്തര വിപണനം വഴിയാണ്. ഇത് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. തൊഴിലിനൊപ്പം പരിപ്പ് വിപണനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് 10 ശതമാനം സെയിൽസ് കമ്മിഷൻ നൽകുന്ന കാര്യം പരിഗണിക്കും.
മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ