തൊടിയൂർ: മാരാരിത്തോട്ടം മഹാദേവർ കോളനിയിലെ ചെറിയ വീട്ടിൽ നിന്ന് പഞ്ചഗുസ്തിയുടെ ലോകമത്സരത്തിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഹസൻ എന്ന ഇരുപത്തിനാലുകാരൻ. കഴിഞ്ഞ 28 മുതൽ 31 വരെ സിക്കിമിൽ നടന്ന ദേശീയമത്സരത്തിൽ കൈവരിച്ച വിജയമാണ് സെപ്തംബർ 10 മുതൽ 15 വരെ ചൈനയിലെ അന്തർദേശീയ മത്സരത്തിൽ പങ്കെടുക്കാൻ ഹസന് അവസരമൊരുക്കിയത്. ഇന്ത്യയിൽ നിന്നുള്ള ആറു താരങ്ങൾക്കൊപ്പമാണ് ഹസൻ പുതിയ നേട്ടം കുറിക്കാൻ ചൈനയിലേക്ക് പോകുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുക്കുന്ന പഞ്ചഗുസ്തിയുടെ ലോകമത്സരത്തിൽ 95 കിലോ വിഭാഗത്തിലാണ് ഹസൻ മത്സരിക്കുന്നത്. ഒട്ടനവധി പരിമിതികളെ മറികടന്നാണ് ഈ യുവാവ് പഞ്ചഗുസ്തിയുടെ അന്താരാഷ്ട്ര മത്സരത്തിനെത്തുന്നത്. യാത്രയ്ക്കും മറ്റ് ചെലവുകൾക്കുമുള്ള ഒന്നര ലക്ഷം രൂപ കണ്ടെത്തണം എന്നതാണ് ഹസന് മുന്നിലുള്ള ഏറ്റവും വലിയ കടമ്പ. പണം കണ്ടെത്താൻ ഒരു മാർഗവുമില്ലാതെ വലയുകയാണ് ഹസന്റെ കുടുംബം. മുൻപ് നടന്ന മത്സരങ്ങളിലെല്ലാം പങ്കെടുത്തത് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ്. ഇത്തവണയും അതിന് മുടക്കം വരില്ലെന്നാണ് ഹസന്റെ വിശ്വാസം. മത്സ്യക്കച്ചവടക്കാരനായ പിതാവ് ഷംസുദ്ദീൻ ശാരീരിക നില മോശമായതിനാൽ ഇപ്പോൾ കച്ചവടത്തിന് പോകുന്നില്ല. സഹോദരനൊപ്പം ഹസനും വെൽഡിംഗ് പണിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടുന്നത്.
പ്ലസ് ടു പഠനത്തിന് ശേഷമാണ് ഹസൻ പഞ്ചഗുസ്തിയിൽ തുടക്കം കുറിക്കുന്നത്. 2015ൽ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ഈ യുവാവ് ശ്രദ്ധേയനാകുന്നത്. തുടർന്ന് 2016ൽ നാഗ്പൂരിൽ നടന്ന സീനിയർ വിഭാഗം മത്സരത്തിൽ ഏഴാം സ്ഥാനവും 2017ൽ ഡൽഹിയിൽ നടന്ന മത്സരത്തിൽ അഞ്ചാം സ്ഥാനവും നേടി. 2018 ജനുവരിയിൽ കേരളത്തിൽ നടന്ന ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ഷംസുദ്ദീന്റെയും സെലീനയുടെയും ഇളയ മകനാണ് ഹസൻ. മത്സരങ്ങളിൽ മികച്ച നേട്ടം കൊയ്യാൻ ആധുനിക പരിശീലന ഉപകരണങ്ങൾ വേണം. ഇതിനും നല്ല പണച്ചെലവുണ്ട്. സൈക്കിൾ ട്യൂബും മറ്റും ശേഖരിച്ച് തയ്യാറാക്കിയ നാടൻ പരിശീലന ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഹസന്റെ പരിശീലനം. പരിശീലകരായ മലപ്പുറം സ്വദേശി വിനോദും, ഷാജുവും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്. ബാങ്ക് ഒഫ് ബറോഡ കരുനാഗപ്പള്ളി
ശാഖയിൽ 36300100007586 എന്ന നമ്പരിൽ ഹസൻ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.ഇ കോഡ്: ബി.എ.ആർ.ബി.ഒ
കെ.എ.ആർ.യു.എൻ.എ