അമൃതപുരി: ജർമ്മനിയിൽ സമാപിച്ച പതിനഞ്ചാമത് 'അമ്മാസ് യൂത്ത് ഫോർ യൂണിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഹ്യൂമാനിറ്റി" (അയുധ്) യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ യൂറോപ്പിൽനിന്ന് മുന്നൂറോളം പേർ പങ്കെടുത്തു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടിയിൽ വൈകാരികവും സാംസ്കാരികവും സാമൂഹികവുമായ വൈവിദ്ധ്യങ്ങളെയും ജൈവവൈവിദ്ധ്യങ്ങളെയും കുറിച്ച് പ്രഭാഷണങ്ങളും ശിൽപ്പശാലകളും നടന്നു.
അയുധ് യൂറോപ്പും യുനെസ്കോ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എഡ്യൂക്കേഷൻ ഫോർ പീസ് ആൻഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റും (എം.ജി.ഐ.ഇ.പി) ചേർന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്. മാതാ അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റും അമ്മയുടെ മുതിർന്ന ശിഷ്യനുമായ സ്വാമി അമൃത സ്വരൂപാനന്ദപുരി വൈകാരിക വൈവിദ്ധ്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ജർമ്മനിയിൽ നിന്നുള്ള ഡോ. യെൻസ് സിമ്മർമാൻ എം.പി ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
അയുധ് യൂറോപ്പ ഡയറക്ടർ ആൻഡ്രിയാസ് ഹെർഷ്, പ്രോജക്ട് ഡയറക്ടർ ധന്യ ദാൽമാൻസ് എന്നിവർ മറ്റൊരാളുടെ ജീവിതം ജീവിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുന്ന സ്റ്റെപ്സ് ഒഫ് ഡൈവേഴ്സിറ്റി എക്സർസൈസിന് നേതൃത്വം നൽകി. മുൻ ലോക കിക്ക് ബോക്സിംഗ്, ബോക്സിംഗ് ചാമ്പ്യൻ ലൂസിയ റിജ്കർ നമുക്കുള്ളിലെ വൈവിദ്ധ്യത്തെക്കുറിച്ച് ക്ലാസെടുക്കുകയും സ്വന്തം അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. ഫ്രഞ്ച് ബഹിരാകാശ ശാസ്ത്രജ്ഞൻ മാത്യൂ ലെബോണി കാലാവസ്ഥാമാറ്റത്തെക്കുറിച്ചും ജൈവവൈവിദ്ധ്യത്തെക്കുറിച്ചും സംസാരിച്ചു.
അമ്മയുടെ മുതിർന്ന ശിഷ്യനും ധ്യാനഗുരുവും സന്യാസിയുമായ ശുഭാമൃത ചൈതന്യ സംസ്കാരങ്ങളുടെ വൈവിദ്ധ്യത്തെക്കുറിച്ചും സംസ്കാരങ്ങളെ ഒന്നിച്ചുചേർക്കുന്നതിൽ ആദ്ധ്യാത്മികതയ്ക്കുള്ള പങ്കിനെക്കുറിച്ചും സംസാരിച്ചു. 2001ൽ തുടക്കമിട്ട അയുധിന് യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ശാഖകളുണ്ട്. മത, ലിംഗ, സാമൂഹിക, സാംസ്കാരിക വ്യത്യാസമില്ലാതെ പതിനഞ്ച് മുതൽ മുപ്പത് വരെ പ്രായമുള്ള എല്ലാവർക്കും അയുധിൽ ചേരാം.