സ്റ്റേഷൻ സൂപ്രണ്ടിനെ ഉപരോധിച്ചു
കൊല്ലം: കൊല്ലം റെയിൽവെ സ്റ്റേഷനിലെ രണ്ട് പ്രവേശന കവാടങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷൻ സൂപ്രണ്ടിനെ ഉപരോധിച്ചു. ഇന്നലെ രാവിലെ 10.45ന് തുടങ്ങിയ ഉപരോധം ഒരു മണിക്കൂറിലേറെ നീണ്ടു. വ്യക്തമായ ഉറപ്പില്ലാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ച് നിന്നതോടെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയ്‌ക്ക് തയ്യാറായി.
രണ്ടാം പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടർ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുക, ബുക്കിംഗ് സംവിധാനം ആരംഭിക്കുക, ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുക, രാത്രിയിൽ ആവശ്യമായ ലൈറ്റുകൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.
ലൈറ്റ് സൗകര്യം ഉറപ്പാക്കുമെന്നും രണ്ടാം കവാടത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തന സമയം വർദ്ധിപ്പിക്കുന്നത് തിരുവനന്തപുരം കൊമേഴ്സ്യൽ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ ചർച്ചയിൽ പറഞ്ഞു. തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു, പ്രസിഡന്റ് ശ്യാംമോഹൻ, സംസ്ഥാന കമ്മിറ്റിയംഗം ജി. ഗോപിലാൽ, എസ്. ഷബീർ, പി.കെ. സുധീർ, കെ.എസ്. ശബരീനാഥ് എന്നിവർ നേതൃത്വം നൽകി.