പുത്തൂർ : പുറമ്പോക്കിൽ നിന്നിരുന്ന വലിയ മരം കടപുഴകി വീണ് കുളിക്കടവ് തകർന്നു. കുളക്കട വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപത്തെ കല്ലടയാറ്റിലെ കുളിക്കടവാണ് തകർന്നത്. ഒരാഴ്ചയ്ക്ക് മുമ്പുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് അപകടം നടന്നത്. കടവിന്റെ പടിക്കെട്ട്, കൈവരികൾ എന്നിവ തകർന്നിട്ടും ഇതുവരെ അത് ശരിയാക്കാൻ ഒരു നടപടിയുമുണ്ടായിട്ടില്ല. മരം വീണ് കിടക്കുന്നതിനാൽ ഇവിടെ വന്ന് കുളിക്കാനാവാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. കടവിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തിയും നദീതീരവും ഇടിഞ്ഞു തകർന്നിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള കുളക്കട വൈകുണ്ഠപുരം ക്ഷേത്രത്തിലെ ആറാട്ട് കടവായി ഉപയോഗിക്കുന്ന ഇവിടെ കർക്കടക വാവ് ബലിതർപ്പണത്തിന് ഓരോ വർഷവും അയ്യായിരത്തിലധികം പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. മരം മുറിച്ചു മാറ്റി സംരക്ഷണം ഏർപ്പെടുത്തിയില്ലെങ്കിൽ അടുത്ത മഴക്കാലമാകുമ്പോഴേക്കും കടവിന്റെ അവസ്ഥ കൂടുതൽ ദയനീയമാകും. എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ അധികൃതർക്ക് നിവേദനം നൽകിയിരിക്കുകയാണ്.