പുനലൂർ: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കെവിൻ വധക്കേസിൽ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ പത്ത് പ്രതികൾക്കും ശിക്ഷ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കിഴക്കൻ മലയോര പ്രദേശമായ ചാലിയക്കരയിലെ തോട്ടം തൊഴിലാളികളും നാട്ടുകാരും. വധശിക്ഷ ലഭിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായവും പ്രദേശവാസികളിൽ ചിലർ പ്രകടിപ്പിച്ചു. കെവിന്റെ ഭാര്യ നീനു ചാക്കോയുടെ സഹോദരൻ തെന്മല ഒറ്റക്കൽ റെയിൽവെ സ്റ്റേഷന് സമീപത്തെ ശ്യാനു ഭവനിൽ ഷാനുചാക്കോ (27), ഇടമൺ-34 സ്വദേശികളായ നിയാസ് മോൻ, ഇൻഷാൻ ഇസ്മയിൽ, റിയാസ്, പുനലൂർ സ്വദേശികളായ ഷാനു ഷാജഹാൻ, എൻ. നിഷാദ്, ഫസൽ ഷെറീഫ് ,മനു മുരളീധരൻ, ഷിഫിൻ സജാദ്, പത്തനാപുരം സ്വദേശി ടിറ്റു ജെറോം എന്നിവരെയാണ് ഇരട്ട ജീവപര്യന്തത്തിനും 25000 രൂപ വീതം പിഴയ്ക്കും കോടതി ശിക്ഷിച്ചത്. കോട്ടയം നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ പി. ജോസഫിനെ (24) തെന്മല പഞ്ചായത്തിലെ ചാലിയക്കര ആറ്റിൽ മുക്കി കൊന്നസംഭവം 2018 മേയ് 27നായിരുന്നു. 28 ന് പുലർച്ചയോടെയാണ് ചാലിയക്കര ആറ്റിൽ കെവിന്റെ മൃതദേഹം കണ്ടെത്തിയത്. ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം താമസക്കാരനായ ചാക്കോയുടെ മകൾ നീനു ചാക്കോ കോട്ടയത്തെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിനിടെ താഴ്ന്ന ജാതിക്കാരനായ കെവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിവാഹബന്ധത്തിൽ നിന്ന് പിൻമാറണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും നീനുചാക്കോ തയ്യാറായില്ല. ഇതോടെയാണ് സഹോദരനും ബന്ധുക്കളും ചേർന്ന് കെവിനെ വക വരുത്താൻ പദ്ധതിയിട്ടതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സംഭവം നടന്ന തെന്മല പഞ്ചായത്തിന് പുറമേ സമീപത്തെ പുനലൂർ നഗരസഭ പ്രദേശങ്ങളിലെ ജനങ്ങൾ ഇന്നലെ രാവിലെ മുതൽ കേസിന്റെ വിധി കേൾക്കാൻ ആകാംഷയോടെ ടി.വിക്ക് മുന്നിൽ കാത്തിരിക്കുകയായിരുന്നു.