കൊല്ലം: ഒരു വർഷത്തിലധികമായി രോഗത്തിന്റെ കാഠിന്യത്തിൽ വേദനതിന്നുന്ന നീലകണ്ഠൻ എന്ന കാളയ്ക്ക് ആശ്വാസവുമായി മൃഗസംരക്ഷണ വകുപ്പ്. വകുപ്പിലെ ടെലി വെറ്ററിനറി സർവീസിന്റെ മൊബൈൽ ലബോറട്ടറിയും അതിവിദഗ്ദ്ധ സാങ്കേതിക യൂണിറ്റുമെത്തി വിദഗ്ദ്ധ ചികിത്സയുമായി നീലകണ്ഠനെ തേടിയെത്തിയത്. ഓച്ചിറ കൊറ്റംപള്ളി മൂത്തേതിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ കാളയാണ് നീലകണ്ഠൻ.
മംഗലശ്ശേരി നീലകണ്ഠൻ എന്നാണ് ഭക്തർ അവന് ചെല്ലപ്പേരിട്ടത്.
ഒരു വർഷം മുമ്പ് താടിയെല്ലിൽ ചെറുതായി തുടങ്ങിയ മുഴ ക്രമേണ വലുതായി. ഒടുവിൽ തീറ്റപോലും തിന്നാൻ കഴിയാത്ത അവസ്ഥയിലെത്തി. ദേവസ്വം പ്രസിഡന്റ് ബി. ബാബുക്കുട്ടന്റെ അഭ്യർത്ഥന പ്രകാരം ഓച്ചിറയിലെ ഗവ. മൃഗാശുപത്രിയിൽ നിന്ന് ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അനുദിനം മുഴ വളർന്ന് വലുതാകുകയും ഒടുവിൽ കാഴ്ചപോലും തടസപ്പെടുന്ന രീതിയിലേക്ക് താടിയെല്ലുയർന്ന് മുറിവായിത്തീരുകയും ചെയ്തു.
ഒടുവിൽ ഇന്നലെ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സംഘമെത്തിയത്. താടിയെല്ലിലെ സ്രവങ്ങളും രക്തവുമൊക്കെ പരിശോധനകൾക്കായി ശേഖരിച്ചു. മയക്കു മരുന്നുകൾ നൽകിയ ശേഷം നീലകണ്ഠനെ ശാന്തനാക്കി.
എല്ലിലെ അർബുദം കണ്ടെത്താനുള്ള ലബോറട്ടറി പരിശോധനകളും നടത്തി. പരിശോധന ഫലമെത്തുന്നതോടെ ശസ്ത്രക്രിയകൾ നടത്താനാണ് തീരുമാനം. മണ്ണുത്തി വെറ്ററിനറി കോളേജിലേക്കും സാമ്പിളുകൾ അയച്ചിട്ടുണ്ട്.
ചീഫ് വെറ്ററിനറി ഓഫീസർ ഡോ.കെ.കെ. തോമസ്, അസി. ഡയറക്ടർമാരായ ഡോ. ഡി. ഷൈൻകുമാർ, ഡോ.ബി. അജിത്ബാബു, ഡോ.രതീഷ് കെ. കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.