photo
റൂറൽ ജില്ലാ പൊലീസ് കൺട്രോൾ റൂമിന് വേണ്ടി അനുവദിച്ച പഴയ സർക്കിൾ ഓഫീസ് കെട്ടിടം

കൊട്ടാരക്കര: കൊട്ടാരക്കര റൂറൽ ജില്ലാ പൊലീസിന്റെ കൺട്രോൾ റൂമിന് ശാപമോക്ഷമാകുന്നു. മുമ്പ് സർക്കിൾ ഓഫീസ് പ്രവർത്തിച്ചിരുന്ന സബ് ജയിലിന് സമീപത്തെ കെട്ടിടമാണ് കൺട്രോൾ റൂമിനായി അനുവദിച്ചത്. എസ്.പി ഓഫീസിന് സമീപത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ജീർണാവസ്ഥയിലായ കെട്ടിടത്തിലാണ് നിലവിൽ കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഈ കെട്ടിടത്തിൽ നിന്ന് ഓഫീസ് പ്രവർത്തനം മാറ്റണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ഇപ്പോൾ എസ്.പി ഹരിശങ്കർ ഇടപെട്ടാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കിയത്. സർക്കിൾ ഇൻസ്പെക്ടർമാരെ പൊലീസ് സ്റ്റേഷന്റെ ചുമതല ഏൽപ്പിച്ചപ്പോൾ നേരത്തേ പ്രവർത്തിച്ചിരുന്ന സർക്കിൾ ഓഫീസ് ഫയൽ സൂക്ഷിക്കാനും മറ്റുമായി ഉപയോഗിച്ചു വന്നിരുന്നതാണ്. താഴത്തെ നിലയിൽ ട്രാഫിക് യൂണിറ്റ് പ്രവർത്തിച്ചു വരുകയാണ്. മുകളിലത്തെ നിലയിലാണ് കൺട്രോൾ റൂം പ്രവർത്തിപ്പിക്കുക.

സിൽക്കിന് നിർമ്മാണ ചുമതല

പുതിയ കെട്ടിടത്തിൽ കൺട്രോൾ റൂമിനു പ്രവർത്തിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന "സ്റ്റീൽ ഇൻട്രസ്ട്രിയൽസ് കേരള ലിമിറ്റഡ്" എന്ന സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല. പുതിയ കെട്ടിടത്തിൽ സി.സി ടി.വി കാമറ നിരീക്ഷണം, പൊതുജനങ്ങൾക്കുള്ള അടിയന്തര സഹായം ഉറപ്പു വരുത്തുന്നതിനായുള്ള (എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം) 112 നമ്പറിലേക്കുള്ള കാളുകളുടെ ഏകീകരണം എന്നിവയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകും.

2 മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും: ഹരിശങ്കർ, റൂറൽ എസ്.പി

മുൻപ് സർക്കിൾ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് കൺട്രോൾ റൂം പ്രവർത്തനം മാറ്റുകയാണ്. അസൗകര്യങ്ങൾക്ക് നടുവിലാണ് ഇപ്പോൾ പ്രവർ‌ത്തിച്ചുവന്നത്. പുതിയ കെട്ടിടത്തിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം അവിടേക്ക് മാറ്റും. അത്യാധുനിക സംവിധാനങ്ങൾ എത്തുന്നതിനാൽ കേസ് അന്വേഷണങ്ങൾക്കും പൊതുജനങ്ങൾക്ക് പെട്ടെന്നുള്ള സഹായങ്ങൾക്കും ഉപകരിക്കും.