clipart
CLIPART

 ആശുപത്രി മുറിയിൽ നിന്ന് പുറത്താക്കിയത് സൂപ്രണ്ടിന്റെ നിർദ്ദേശത്തിൽ

കൊല്ലം: ഒരു ദിവസം പ്രായമായ കുഞ്ഞിനെയും അമ്മയെയും വിക്ടോറിയ ആശുപത്രിയിലെ ചികിത്സാമുറിയിൽ നിന്ന് പുറത്താക്കി വെള്ളവും വെളിച്ചവുമില്ലാതെ പൊളിക്കാൻ ഒഴിച്ചിട്ട പഴയ പേ വാർഡിൽ താമസിപ്പിക്കാൻ നിർദ്ദേശം. യുവതിയുടെ അമ്മയും ബന്ധുക്കളും പേ വാർഡ് വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും താമസ യോഗ്യമല്ലെന്ന് മനസിലാക്കി ഡിസ്ചാർഡ് വാങ്ങി വീട്ടിലേക്ക് മടങ്ങി.

ആശുപത്രിയിലെ ഗ്രേഡ് 2 അറ്രൻഡറുടെ മകളായ യുവതിയെ കഴിഞ്ഞ ദിവസമാണ് പ്രസവത്തിനായി വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ സ്റ്റാഫ് സിക്ക് റൂമിൽ മകളെയും നവജാത ശിശുവിനെയും പ്രവേശിപ്പിക്കാൻ ജീവനക്കാരി ആർ.എം.ഒയുടെ അനുമതി തേടിയിരുന്നു. എന്നാൽ അവരെ പുറത്താക്കി സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം പുറത്ത് നിന്നുള്ളവർക്ക് റൂം നൽകുകയായിരുന്നു. ആശുപത്രി ജീവനക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമായാണ് സ്റ്റാഫ് സിക്ക് റൂം ഒഴിച്ചിട്ടിരിക്കുന്നത്. അവിടെ പുറത്ത് നിന്നുള്ളവരെ താമസിപ്പിച്ചതിലും മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിലും ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.

സൂപ്രണ്ടിനെതിരെ മുമ്പും പരാതികൾ ഉയർന്നിട്ടുണ്ട്. ആശുപത്രിയിലെ ലാബും ഒ.പിയും കമ്പ്യൂട്ടർവത്കരിക്കുന്നതിനായി നടത്തിയ താത്കാലിക നിയമനങ്ങളിൽ യോഗ്യതകളും മാനദണ്ഡങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപമുണ്ട്. ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെയും അമ്മയെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിക്കായി കരാർ അടിസ്ഥാനത്തിൽ ആശുപത്രി തിരഞ്ഞെടുത്ത രണ്ട് വാഹനങ്ങളുടെ ഇടപാടിലും ആരോപണങ്ങളുണ്ട്. നവജാത ശിശുക്കൾക്ക് ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗങ്ങൾ കണ്ടുപിടിക്കുന്നതിനായി ന്യൂ ബോൺ സ്ക്രീനിംഗ് കൗണ്ടർ ആരംഭിക്കണമെന്ന സർക്കാർ നിർദ്ദേശവും അവഗണിച്ചു. കൗണ്ടർ നിർമ്മാണത്തിനായി അനുവദിച്ച അരലക്ഷം രൂപയും ഇതോടെ അനാഥമായി.

 റേഡിയോളജിസ്റ്റില്ല

ആശുപത്രിയിൽ മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ സ്‌കാനിംഗ് സെന്ററിൽ ഇപ്പോൾ റേഡിയോളജിസ്റ്റില്ല. ഗൈനക്കോളജി ഡോക്ടർമാർക്ക് ചെയ്യാൻ കഴിയുന്ന പ്രാഥമിക പരിശോധനകൾ മാത്രമാണ് നടത്തുന്നത്. സൗകര്യങ്ങൾ എല്ലാമുണ്ടായിട്ടും റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ രോഗികൾ സ്‌കാനിംഗിന് പുറത്ത് പോകണം.

സ്‌കാനിംഗ് സെന്റർ ആരംഭിച്ചപ്പോൾ ആരെയും അറിയിക്കാതെ റേഡിയോളജിസ്റ്റ് നിയമനം നടത്തിയിരുന്നു. എന്നാൽ ഡോക്‌ടർമാർ നിർദ്ദേശിച്ച പല പരിശോധനകളും തനിക്ക് ചെയ്യാനാകില്ലെന്നായിരുന്നു റേഡിയോളജിസ്റ്റിന്റെ നിലപാട്. സ്‌കാൻ ചെയ്യാനെത്തിയ ഗർഭിണിയുടെ ഗർഭപാത്രത്തിൽ ട്യൂമറുണ്ടെന്ന് തെറ്റായി റിപ്പോർട്ട് നൽകിയിരുന്നു. പുറത്ത് നടത്തിയ പരിശോധനയിൽ ട്യൂമർ ഇല്ലെന്ന് കണ്ടെത്തിയതോടെ കുടുംബം പരാതി നൽകിയിരിക്കുകയാണ്.

 രോഗികളില്ലാത്ത ഐ.സി.യു അനക്‌സ്

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ മറികടന്നാണ് മേൽക്കൂരയിൽ ഷീറ്റ് പാകി ഐ.സി.യു അനക്‌സ് നിർമ്മിച്ചത്. മിക്കപ്പോഴും ഒഴിഞ്ഞ് കിടക്കുന്ന ഐ.സി.യുവിന്റെ നിർമ്മാണം വിരൽ ചൂണ്ടുന്നത് ദുരൂഹമായ ചോദ്യങ്ങളിലേക്കാണ്.