കൊല്ലം: ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ അക്കാഡമിയിൽ ലാസ്റ്റ് ഗ്രേഡ് ഒഴിവുകളിൽ തദ്ദേശവാസികളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ രൂപീകരിച്ച കോ - ഓർഡിനേഷൻ കമ്മിറ്രിയുടെ ആഭിമുഖ്യത്തിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ (വെള്ളി) രാവിലെ 9.30ന് അക്കാഡമി കവാടത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടക്കും. മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. എൻ. അഴകേശൻ (ഐ.എൻ.ടി.യു.സി), ജി.ബാബു (എ.ഐ.ടി.യു.സി) തുടങ്ങിയവർ സംസാരിക്കും.
അക്കാഡമിയുടെ പ്രവർത്തന ആരംഭത്തിൽ നിയമന തർക്കം നടന്നതിനെ തുടർന്ന് ട്രേഡ് യൂണിയനുകളുടെയും ഉൗരാളുങ്കൽ സൊസൈറ്റി ഭാരവാഹികളുടെയും യോഗം ലേബർ കമ്മിഷണർ വിളിച്ചു ചേർത്തതിനെ തുടർന്ന് അംഗീകരിച്ച തീരുമാനങ്ങൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സെക്യൂരിറ്റി, ക്ലാർക്ക്. അറ്രൻഡർ, ക്ലീനർ, സ്വീപ്പർ, ഹോസ്റ്റൽ സ്റ്റാഫ്, കാന്റീൻ സ്റ്റാഫ്, ഡ്രൈവർ, ഗാർഡനർ തസ്തികകളിൽ പ്രദേശത്തുള്ളവരെ പരിഗണിക്കണമെന്നാണ് പ്രധാന ആവശ്യം. സുഭാഷ് കലവറ, എൽ.സുരേഷ് കുമാർ, വെട്ടിക്കാടൻ നൗഷാദ്, പവിഴപ്പറമ്പിൽ പുഷ്പരാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.