pulaya
കേരള പുലയർ മഹാസഭ കൊല്ലം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യൻകാളിയുടെ 157 -ാമത് ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടനം മേയർ വി. രാജേന്ദ്രബാബു നിർവഹിക്കുന്നു

കൊല്ലം: തൊഴിലിനും വിദ്യയ്ക്കും കൂലിക്കും അധ: സ്ഥിതവിഭാഗങ്ങൾക്ക് മനുഷ്യനായി ജീവിക്കാനും അയ്യങ്കാളി നയിച്ച കാർഷിക സമരം കേരളത്തിൽ വിപ്ലവകരമായ മാ​റ്റം ഉണ്ടാക്കിയെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. കെ.പി.എം.എസ് കൊല്ലം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 157 -ാമത് ജന്മദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. അയ്യങ്കാളിയുടെ പോരാട്ടഫലമായി പട്ടികവിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കാനുളള ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ട്. പട്ടികവിഭാഗങ്ങൾക്കെതിരായ പീഡനങ്ങളും തുല്യനീതി അട്ടിമറിക്കലും കോളനിവൽക്കരണവും അയ്യങ്കാളിയുടെ ആശയങ്ങൾ ഏ​റ്റുവാങ്ങി ചെറുത്ത് തോൽപ്പിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അർജുനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജൻ ജന്മദിന സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറിയേ​റ്റ് അംഗങ്ങളായ കൈതക്കോട് ശശിധരൻ, രാജു തിരുമുല്ലവാരം, സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ മുളവന മോഹനൻ, വി.ഐ. പ്രകാശ്, എൻ. പ്രസന്നലാൽ, ജില്ലാ ട്രഷറർ പി. ശിവദാസൻ, ജില്ലാ അസി. സെക്രട്ടറിമാരായ പി. ശിവൻ, അശോകൻ അഖിലാസ്, മണി ചിറക്കരോട്, ഇത്തിക്കര രാധാകൃഷ്ണൻ, എൻ. ശിവശങ്കരൻ, രേണുകാ രാഘവൻ, ബിന്ദു രാധാകൃഷ്ണൻ, മിനി ലാൽ, ചി​റ്റയം രമണൻ തുടങ്ങിയവർ സംസാരിച്ചു.