കിഴക്കേക്കല്ലട: കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയ കുണ്ടറ മൺറോത്തുരുത്ത് റോഡ് നിർമ്മാണം ഒച്ചിഴയുന്ന വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് നാട്ടുകാരുടെ പരാതി. പദ്ധതിയനുസരിച്ച് കുണ്ടറ പള്ളിമുക്കിൽ നിന്ന് രണ്ടുറോഡ് മുക്ക് വരെയും മൺറോത്തുരുത്ത് കാനറാ ബാങ്ക് ജംഗ്ഷനിൽ നിന്ന് മണക്കടവ് വരെയും റെയിൽവേ സ്റ്റേഷൻ വഴി പേഴുംതുരുത്ത് വരെയുമുള്ള റോഡിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്. ഇതിൽ രണ്ട് റോഡ് മുക്ക് മുതൽ ചിറ്റുമല വരെ തേനി ദേശീയപാതയുടെ ഭാഗമായ ഒരു കിലോമീറ്ററോളം ഭാഗം മാത്രമേ ഗതാഗത യോഗ്യമാക്കിയിട്ടുള്ളൂ. റോഡിന്റെ മറ്റ് ഭാഗങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
മുളവനയിൽ പൊട്ടിമുക്ക് മുതൽ പള്ളിമുക്ക് വരെയുള്ള റോഡിൽ മുഴുവൻ കുണ്ടും കുഴിയുമാണ്. ഈ ഭാഗമാണ് കൊല്ലത്ത് കുടിവെള്ളമെത്തിക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതിയുടെ കൂറ്റൻ പൈപ്പ് സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചത്. ഇത് യഥാസമയം പൂർത്തീകരിച്ച് റോഡ് ലവൽ ചെയ്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ ജല അതോറിറ്റി വകുപ്പ് കാലതാമസം വരുത്തിയതു മൂലമാണ് റോഡ് കുളമായതെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. വാട്ടർ അതോറിട്ടി റോഡ് കൈമാറി നൽകിയതിനാൽ എത്രയും വേഗം ശോച്യാവസ്ഥ പരിഹരിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. മൺറോത്തുരുത്ത് ഭാഗത്ത് റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതിനാൽ ഭൂമി ഏറ്റെടുത്ത് നൽകേണ്ടതുണ്ട്. ഇതിന്റെ സർവേ പൂർത്തിയാക്കിയെങ്കിലും ഭൂമി പൊതുമരാത്ത് വകുപ്പിന് ഇതുവരെ കൈമാറിയിട്ടില്ല. കൊല്ലം ചെങ്ങന്നൂർ ലിമിറ്റഡ് സർവീസുൾപ്പെടെ നിരവധി കെ.എസ്.ആർ.ടി.സി.ബസുകളും അനേകം സ്വകാര്യ ബസുകളും നൂറുകണക്കിന് ഇതര വാഹനങ്ങളും സർവീസ് നടത്തുന്ന പ്രധാന റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.