കുന്നത്തൂർ: പച്ചക്കറി വില കുതിച്ചുയരുമ്പോൾ കുറഞ്ഞ വിലയുമായി വിപണി കീഴടക്കിയിരിക്കുകയാണ് മറുനാടൻ പച്ച ഏത്തക്കുലകൾ. തമിഴ്‌നാട്,കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.
മറുനാടൻ പച്ചക്കുല
100 രൂപയ്ക്ക് 3 മുതൽ 5 വരെ കിലോ വരെ ലഭിക്കും. കിലോയ്ക്ക് 20 രൂപമുതൽ 33വരെ മാത്രം.
നാടൻ പച്ചക്കുല
കിലോയ്ക്ക് 50 മുതൽ 70 രൂപ വരെ
ടെമ്പോകളിലും പെട്ടിഓട്ടോകളിലുമാണ് കച്ചവടം.പ്രധാന ജംഗ്ഷനുകൾ,കശുവണ്ടി ഫാക്ടറികൾ,മറ്റ് തൊഴിലിടങ്ങൾ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്.
നാടൻ കുലകൾ പഴത്തിനും ഉപ്പേരിക്കും പാകമാകുന്നതിന് പത്ത് മാസം വരെ വേണമെന്നിരിക്കെ നാലും അഞ്ചും മാസം കൊണ്ടാണ് മറുനാടൻ കുലകൾ പാകമാകുന്നത്.തമിഴ്നാട്ടിലും കർണാടകത്തിലും നേരിട്ടെത്തി തീരെ കുറഞ്ഞ വിലയിൽ കർഷകരിൽ നിന്നും പാകമായ വാഴത്തോട്ടങ്ങൾ എടുത്ത് കേരളത്തിലെത്തിച്ച് വില്പന നടത്തുന്ന സംഘങ്ങളും വ്യാപകമാണ്.
കൃഷി കേന്ദ്രങ്ങൾ
1.തമിഴ്നാട്ടിലെ വള്ളിയൂർ,സൊരണ്ട, അംബാസമുദ്രം,
2. കർണാടകത്തിലെ മൈസൂർ
ഉപ്പേരി, ശർക്കരവരട്ടി വിപണികളിലും മറുനാടൻ ഏത്തക്കായ പിടിമുറുക്കി.എന്നാൽ ഉപ്പേരി വിലയിൽ യാതൊരു കുറവുമില്ല. ഉപ്പേരിക്കും പഴത്തിനും പാകമായ കുലകളാണ് അധികവും എത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു.ഓണക്കാലമായതോടെ ഉപ്പേരിക്കും മറ്റുമായി മലയാളികൾ മറുനാടൻ നേന്ത്രകുലകളെ ആശ്രയിക്കേണ്ടിവരും. പ്രകൃതിക്ഷോഭത്തിൽ കേരളത്തിൽ ഓണക്കച്ചവടം ലക്ഷ്യമിട്ട് നടത്തിയ വാഴകൃഷി പൂർണമായും തകർന്നടിഞ്ഞിരുന്നു. ഓണക്കാലത്ത് നാടൻ നേന്ത്രക്കായ്ക്ക് റെക്കോഡ് വിലയാകും ഉണ്ടാവുക.