photo
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചനാ മത്സരം

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ഗണേശോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ മുന്നൂറിൽപ്പരം വിദ്യാർത്ഥികൾ പങ്കാളികളായി. ക്ഷേത്രത്തിലെ ചടങ്ങായിരുന്നിട്ടും ജാതി-മത വ്യത്യാസമില്ലാതെ ചിത്രകലയിലെ പ്രതിഭകൾ മത്സരത്തിൽ പങ്കെടുത്തത് വേറിട്ട അനുഭവമായി. രാവിലെ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മുകളുവിള അനിൽകുമാർ ഭദ്രദീപം തെളിച്ച് ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ. വത്സല, അശ്വനീദേവ്, വിധികർത്താക്കളായ പീതാംബരൻ പവിത്രേശ്വരം, രാധാകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി- കോളേജ് തലങ്ങളിലാണ് മത്സരം നടന്നത്. വിജയികൾക്ക് സെപ്തംബർ 2ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽവച്ച് സമ്മാനങ്ങൾ നൽകും. മുൻ ഡി.ജി.പി ജേക്കബ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.