ചാത്തന്നൂർ: നിർമ്മാണം കഴിഞ്ഞ് ആറ് മാസം കഴിയും മുമ്പേ റോഡ് തകർന്നു. പോളച്ചിറ ഏലായിലെ ബണ്ട് എക്രോസ് റോഡിൽ ലോർഡ് കൃഷ്ണ സെൻട്രൽ സ്‌കൂൾ ജംഗ്ഷനിൽ നിന്ന് മീനാട് ബണ്ട് റോഡിൽ കണ്ണമ്പള്ളി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്റെ പാലത്തിന് സമീപമുള്ള ഭാഗമാണ് തകർന്നത്. ഇന്നലെ രാവിലെ ബണ്ട് റോഡിൽ നിന്ന് പാലത്തിലേക്ക് കയറിയ ഒരു വാഹനം അപകടത്തിൽപ്പെട്ടിരുന്നു. വാഹനത്തിന്റെ മുൻഭാഗം പാലത്തിലേക്ക് കയറിയതിന് പിന്നാലെ പാലത്തിനോട് ചേർന്ന ബണ്ട് റോഡ് കുടുങ്ങി താഴുകയായിരുന്നു . വാഹനത്തിന്റെ പിൻഭാഗം പൂർണമായും കുഴിയിലകപ്പെട്ടു.
പാലവും ബണ്ട് റോഡുമായി ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് ചെയ്ത ഭാഗം താഴ്ന്ന് പോയാണ് വലിയ കുഴി രൂപപ്പെട്ടത്. നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു. കോൺക്രീറ്റ് ചെയ്ത ഈ ഭാഗത്ത് കമ്പി പാകാതെ പൂഴിമണ്ണിട്ട് അതിന് മുകളിൽ വീണ്ടും കോൺക്രീറ്റ് ചെയ്യുകയായിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് നിർമ്മാണത്തിലെ അപാകതകൾ നാട്ടുകാർ ചൂണ്ടികാട്ടിയെങ്കിലും അധികൃതർ കാര്യമായെടുത്തില്ല. നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.