കൊട്ടാരക്കര: തടവുപുള്ളികളുടെ ജയിൽ യൂണിഫോം തയ്ക്കാനുള്ള കരാർ വാഗ്ദാനം ചെയ്ത് തയ്യൽക്കാരിയിൽ നിന്നു പണം തട്ടിയ വിരുതനെ കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ ആര്യാട് സൗത്ത് ശങ്കരശ്ശേരി വെളിയിൽ വീട്ടിൽ ബൈജു ഹാരൂണാണ് (51) പിടിയിലായത്. ദിൽ സ്റ്റിച്ചിംഗ് സെന്റർ എന്ന സ്ഥാപനം നടത്തിവന്ന കൊട്ടാരക്കര നെല്ലിക്കുന്നം വിളയന്നൂർ സ്വദേശിനിയായ രമയിൽ നിന്നാണ് പണം തട്ടിയത്. കണ്ണൂർ വനിതാ സബ് ജയിലിൽ ജയിൽപ്പുള്ളികൾക്കായി യൂണിഫോം തുന്നി നൽകുന്നതിന് 13 ലക്ഷം രൂപയുടെ വർക്ക് ഓർഡർ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് 13,000 രൂപ തട്ടിയെടുത്തത്. തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടതോടെ രമ റൂറൽ എസ്.പിയ്ക്ക് പരാതി നൽകുകയായിരുന്നു. ഓയൂർ കാളവയലിൽ ഒളിച്ച് താമസിച്ചുവരികയായിരുന്നു പ്രതി.കൊട്ടാരക്കര എസ്.ഐ. സാബുജി, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽ, രജിത് ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.