photo
ചിതറ വളവുപച്ച അൽമനാർ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ആയിരം കുപ്പി ലോഷനുമായി പുറപ്പെടുന്ന വാഹനം

കടയ്ക്കൽ: പഠനത്തിന്റെ ഇടവേളകളിൽ കളിക്കാനല്ല, മറിച്ച് പ്രളയ ബാധിതരെ സഹായിക്കാനാണ്ചിതറ വളവുപച്ച അൽമനാർ എൽ.പി സ്കൂളിലെ കുട്ടിക്കൂട്ടം മനസൊരുക്കിയത്. കൂട്ടായ പരിശ്രമത്തിലൂടെ പ്രളയ ബാധിത പ്രദേശത്തേക്ക് ആയിരം കുപ്പി ക്ളീനിംഗ് ലോഷനാണ് ഇവർ നിർമ്മിച്ചുനൽകിയത്. അദ്ധ്യാപകരും രക്ഷിതാക്കളുമൊക്കെ പ്രോത്സാഹനവുമായി ഒപ്പം ചേർന്നു. നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകിയപ്പോൾ വലിയ ആവേശത്തോടെയാണ് അവർ എല്ലാം ഏറ്റെടുത്തത്. കെമിക്കൽ മിക്സ് ചെയ്യുന്നതും പായ്ക്കിംഗ് ജോലികളും എല്ലാം കുട്ടികൾ തന്നെ നിർവഹിച്ചു.

തയ്യാറാക്കിയ ഉൽപ്പന്നങ്ങളുമായി കുട്ടികൾ ഉൾപ്പെടുന്ന സംഘം പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് നേരിട്ടെത്തി. കവളപ്പാറയിലേക്ക് തിരിച്ച വാഹനം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള രഞ്ജു വട്ടലിൽ മുഖ്യാതിഥിയായി. കിഴക്കൻ മലയോര മേഖലയിലെ നിർദ്ധനരായ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് അൽമനാർ എൽ.പി സ്കൂൾ. പ്രവൃത്തി പരിചയം കണക്കിലെടുത്താണ് കുട്ടികളെ മുൻനിർത്തി ലോഷൻ നിർമ്മാണം നടത്തിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.