ഓയൂർ: മൈലോട് സ്‌കൂളിന് സമീപം റബ്ബർ ഷീറ്റ് പുകപ്പുരയും ഇതിനോട് ചേർന്നുള്ള വീടിന്റെ അടുക്കളയും ഭാഗീകമായി കത്തിനശിച്ചു. മൈലോട് മമതയിൽ റിട്ട. അദ്ധ്യാപകൻ തങ്കപ്പന്റെ പുകപ്പുരയും അടുക്കളയുമാണ് കത്തിയത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്ന സംഭവം. എഴുനൂറോളം റബർ ഷീറ്റുകളും അമ്പത് കിലോയോളം ഒട്ടുപാലും കത്തിനശിച്ചു. ഇവിടെ നിന്ന് തീപടർന്ന് വീടിന്റെ ഭിത്തിക്കും ചിമ്മിനിക്കും കേടുപാടുകൾ സംഭവിച്ചു. 40,000ത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്‌സും പൂയപ്പള്ളി പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.