x
സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃകസ്ഥാമായി പ്രഖ്യാപിച്ച കൊല്ലം ആശ്രാമത്തെ കണ്ടൽക്കാട് പ്രദേശത്ത് ജൈവവൈവിധ്യ ബോർഡ് അംഗങ്ങൾ സന്ദർശിച്ചപ്പോൾ. മേയർ വി.രാജേന്ദ്രബാബു, പ്രൊഫ. എൻ.രവി എന്നിവർ സമീപം

കൊല്ലം: ആശ്രാമത്തെ കണ്ടൽക്കാടുകളെ സംസ്ഥാനത്തെ ആദ്യ ജൈവവൈവിദ്ധ്യ പൈതൃകസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രദേശത്തിന്റെ പരിപാലനം സംബന്ധിച്ച് ആലോചനാ യോഗം ചേർന്നു. ആശ്രാമം ഗസ്റ്റ് ഹൗസും പൈതൃക സ്ഥാനമായി പ്രഖ്യാപിച്ച പ്രദേശവും കൊല്ലം മേയർ വി. രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ ജൈവവൈവാദ്ധ്യ ബോർഡംഗങ്ങൾ ഇന്നലെ സന്ദർശിച്ചു. പ്രദേശത്തിന്റെ സംരക്ഷണത്തിനായി ജൈവവൈവിദ്ധ്യ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാനും മാനേജ്മെന്റ് പ്ളാൻ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. അടിയന്തരമായി ഇതുസംബന്ധിച്ച് യോഗം വിളിക്കും. പ്രവേശന കവാടത്തിൽ ബോർഡ് സ്ഥാപിക്കാൻ തീരുമാനമായി. പ്രദേശത്ത് ഇപ്പോഴും പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. ഇത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ യോഗത്തിൽ ഉറപ്പ് നൽകി. മാലിന്യനിക്ഷേപകരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മേയർ അദ്ധ്യക്ഷത വഹിച്ചു. ജൈവവൈവിദ്ധ്യ ബോർഡ് മെം‌ബർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, ബോർഡംഗങ്ങളായ കെ.വി. ഗോവിന്ദൻ, ഡോ. കെ. സതീഷ് കുമാർ, പ്രൊഫ. എൻ. രവി എന്നിവർ പങ്കെടുത്തു. പ്രൊഫ. രവിയുടെ ദീർഘകാലത്തെ ശ്രമഫലമായാണ് ആശ്രാമത്തെ കണ്ടൽക്കാടുകളെ സംസ്ഥാനത്തെ ആദ്യ ജൈവവൈവിദ്ധ്യ പൈതൃകസ്ഥാനമായി പ്രഖ്യാപിച്ചത്.

ദേശീയ ജൈവവൈവിദ്ധ്യ കോൺഗ്രസ് കൊല്ലത്ത്

ആശ്രാമത്തെ കണ്ടൽക്കാടുകൾ സംസ്ഥാനത്തെ ആദ്യ ജൈവവൈലിദ്ധ്യ പൈതൃകസ്ഥാനമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ രണ്ടാമത് ദേശീയ ജൈവവൈവിദ്ധ്യ കോൺഗ്രസ് ജനുവരിയിൽ കൊല്ലത്ത് നടത്തും. ദേശീയതലത്തിൽ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന ശാസ്ത്രജ്ഞർ കോൺഗ്രസിൽ പങ്കടുത്ത് വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തിരുവനന്തപുരത്താണ് ആശ്രാമത്തെ കണ്ടൽക്കാടുകളെ സംസ്ഥാനത്തെ ആദ്യ ജൈവവൈവിദ്ധ്യ പൈതൃകസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.