കുന്നത്തൂർ: നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിൽ സ്ഥാനം പിടിച്ച ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ ഇടപെടൽ നിർദ്ധന കുടുംബത്തിന് ആശ്വാസമായി. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും സാമ്പത്തിക പരാധീനതയിൽ വിഷമിക്കുകയായിരുന്ന കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി അൻപതിനായിരം രൂപ ഭാരവാഹികൾ കൈമാറി.
ശൂരനാട് സ്വദേശിയായ ഒൻപത് വസുകാരനാണ് മജ്ജ മാറ്റിവയ്ക്കാൻ പണം ഇല്ലാതെ ബുദ്ധിമുട്ട് നേരിട്ടത്.കുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടു പോയിട്ടുണ്ട്. കൂട്ടായ്മ ജനറൽ സെക്രട്ടറി മാത്യു പടിപ്പുരയിൽ, വൈസ് പ്രസിഡന്റ് അൻസാർ സലിം, ജോയിന്റ് സെക്രട്ടറി റിയാസ് ബദർ, കമ്മറ്റി അംഗങ്ങളായ ഹാരിസ് പോരുവഴി, അനസ് ചരുവിള, നിഷാദ്, എം.കെ. ഷാജി, മിഥിലാജ് ശൂരനാട്, കബീർ, നൗഷാദ്, നസീർ തെങ്ങുംവിള തുടങ്ങിയവർ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്.