photo
പുനക്കന്നൂർ ചിറയടി ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ആരംഭിച്ച പഞ്ചമ മഹാരുദ്ര യജ്ഞത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ഭദ്രദീപ പ്രോജ്വലനം ക്ഷേത്രം തന്ത്രി താന്ത്രിക രത്നം മുഖത്തല നീലിമന ഇല്ലത്ത് വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി നിർവഹിക്കുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി സമിപം

കുണ്ടറ: ശബരിമല വിഷയത്തിൽ വിശ്വാസ സമൂഹത്തിൽ നിന്ന് ഉയർന്നുവന്ന പ്രാർത്ഥന അർത്ഥപൂർണമായിരുന്നെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പുനക്കന്നൂർ ചിറയടി ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ആരംഭിച്ച പഞ്ചമ മഹാരുദ്ര യജ്ഞത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള മഹാരുദ്രസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരം അനാചാരം ആകുമ്പോൾ അതിനെ എതിർക്കണം. എന്നാൽ വിശ്വാസം ഒരു വ്യക്തിയുടെ പൗരാവകാശം ആണ്. അത് ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്നതാണ്. അധർമ്മത്തിൽ നിന്ന് നമ്മുടെ മനസിനെ സംസ്കരിക്കുന്ന പ്രക്രിയയാണ് ആത്മീയത. ഇവിടെ നടക്കുന്ന പൂജാകർമ്മങ്ങൾ നാടിന് ഐശ്വര്യവും സമാധാനവുമുണ്ടാക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഭദ്രദീപ പ്രോജ്വലനം ക്ഷേത്രം തന്ത്രി മുഖത്തല നീലിമന ഇല്ലത്ത് വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി നിർവഹിച്ചു. യജ്ഞാചാര്യൻ ഇല്ലത്തപ്പൻ കാവ് ജനാർദ്ദനൻ നമ്പൂതിരി യജ്ഞ സന്ദേശം നൽകി. ക്ഷേത്രം മേൽശാന്തി ആശ്രമം കണ്ണൻ പോറ്റി കലവറ നിറയ്ക്കൽ കർമ്മം നിർവഹിച്ചു. സെക്രട്ടറി ആർ. അജിത്, ജോ. സെക്രട്ടറി ടി.ആർ. രാജീവ് എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 4.30ന് പള്ളിയുണർത്തൽ, നിർമ്മാല്യം, അഭിഷേകം. 5.30ന് ഗണപതിഹോമം, സഹസ്രനാമജപം, സൂക്തജപം. 6ന് യജ്ഞശാലയിൽ ഭദ്രദീപ പ്രോജ്വലനം, തുടർന്ന് ആചാര്യവരണം, വിഗ്രഹപ്രതിഷ്ഠ. 8 മണിക്ക് മഹാമൃത്യുഞ്ജയഹോമം, മഹാരുദ്ര ഹോമം. 8.30 മുതൽ മഹാരുദ്രകലശപൂജ, തുടർന്ന് ശ്രീരുദ്രജപം. 10.30ന് മഹാരുദ്ര കലശാഭിഷേകം. 11.15ന് ഉച്ചപൂജ, സോപാനം മഹാ ദീപാരാധന. 11.30 ന് സമൂഹരുദ്രാഭിഷേകം, സമർപ്പണം. 12 ന് പ്രഭാഷണം, ഉച്ചയ്ക്ക് 1. 15 മുതൽ അന്നദാനം. വൈകിട്ട് 5.15ന് സൂക്തജപം. 6ന് സമൂഹ പൂജകൾ. 6.30ന് ദീപാരാധന. 7ന് പ്രഭാഷണം എന്നിവ നടക്കും. സെപ്തംബർ 8ന് ഹോമം സമാപിക്കും.