കൊല്ലം: കൊല്ലം കളക്ടറേറ്റ് കൺട്രോൾ റൂമിലെ മൊബൈൽ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്സ് ആപ്പ് സന്ദേശമെത്തിയത് പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. സന്ദേശം മറ്റൊരു രാജ്യത്ത് നിന്നായതിനാൽ അന്വേഷണം റോ, ഇന്റർപോൾ തുടങ്ങിയ ഏജൻസികൾ ഏറ്റെടുക്കുമെന്നാണ് സൂചന.
കൊല്ലം വെസ്റ്ര് പൊലീസ് ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് സൈബർ സെല്ലിന് കൈമാറിയതിനെ തുടർന്ന് സംസ്ഥാന ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കറാച്ചിയാണ് സന്ദേശത്തിന്റെ ഉറവിടമെന്ന് കണ്ടെത്തിയത്. പാകിസ്ഥാനിലെ മൊബൈൽ കമ്പനിയാണ് ഫോണിന്റെ ഉടമയെ സംബന്ധിച്ച വിവരം നൽകേണ്ടത്. അവരുമായി ബന്ധപ്പെടാൻ അന്തർദ്ദേശീയ അന്വേഷണ ഏജൻസിയായ ഇന്റർപോളിനേ കഴിയൂ.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഹിന്ദിയും ഉർദുവും കലർന്ന ഭാഷ ഇംഗ്ലീഷിലാക്കിയ സന്ദേശമെത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ നിലനിൽക്കുന്ന സാഹചര്യമാണ് ഇത്തരമൊരു സന്ദേശത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഇന്ത്യൻ സേന കാശ്മീരിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും മോദിയും ആർ.എസ്.എസും ബി.ജെ.പിയും തരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് സന്ദേശത്തിന്റെ ചുരുക്കം. പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.
കൊല്ലം കളക്ടറേറ്റ് നേരത്തെ തന്നെ തീവ്രവാദ ശക്തികളുടെയും മാവോയിസ്റ്റുകളുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.