കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ പ്ളാറ്റ്ഫോമിന്റെ നീളത്തിനനുസരിച്ച് മേൽക്കൂരയുടെ നീളം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ നാലുപതിറ്റാണ്ടായി യാത്രക്കാരും റെയിൽവേ ആക്ഷൻ കൗൺസിലും ഇതേ ആവശ്യം ഉന്നയിച്ച് സമരമുഖത്താണെങ്കിലും ഇതുവരെയും അനുഭാവപൂർണമായ നടപടി ഉണ്ടായില്ല. ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശന സമയങ്ങളിലെല്ലാം ഏവരും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താറുമുണ്ട്.
സ്റ്റേഷനിലെ ഒന്നും രണ്ടും പ്ളാറ്റ്ഫോമുകളുടെ നീളം 1200 മീറ്ററാണ്. എന്നാൽ ഒന്നാം പ്ളാറ്റ്ഫോമിൽ 90 മീറ്ററും രണ്ടിൽ 120 മീറ്ററും മാത്രമാണ് ഷെൽട്ടർ നിർമ്മിച്ചിട്ടുള്ളത്. ഇതുകാരണം വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർ നേരിടുന്നത്. മഴസമയത്താണ് ഏറെ ദുരിതം. മഴ നനയാതിരിക്കാൻ സ്റ്റേഷൻ ഓഫീസിന്റെ മുന്നിൽ തടിച്ച് കൂടി നിൽക്കേണ്ട സ്ഥിതിയാണ്. എന്നാൽ അധികൃതർ മാത്രം ഇതൊന്നും അറിഞ്ഞഭാവം കാണിക്കുന്നില്ല. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും പ്ളാറ്റ്ഫോമിന്റെ നീളം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ
സ്റ്റോപ്പ്: 25 ട്രെയിനുകൾക്ക്
എക്സപ്രസ് ട്രെയിനുകൾ: 20
പാസഞ്ചർ: 5
യാത്രക്കാർ: 7000 ത്തോളം
പ്രതിദിന വരുമാനം: 35 ലക്ഷം
സമീപത്തെ പ്രധാന സ്ഥാപനങ്ങൾ
01. മാതാഅമൃതാനന്ദമയിമഠം
02. പന്മന ആശ്രമം
03. ചവറ ടൈറ്റാനിയം
04. ഇന്ത്യൻ റെയർ എർത്ത്
05. കേരഫെഡ്, കേരളാ ഫീഡ്സ്
06.വെയർ ഹൗസിംഗ് കോർപ്പറേഷൻ
07. സോണൽ ഓഫീസ്
08. താലൂക്ക് ആസ്ഥാനം
റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ്ഫോം ഷെൽട്ടറിന്റെ നീളം വർദ്ധിപ്പിക്കണമെന്ന് യാത്രക്കാരും ആക്ഷൻ കൗൺസിലും സംയുക്തമായി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴയും വെയിലുമേറ്റാണ് യാത്രക്കാർ സ്റ്റേഷനിൽ വണ്ടി കാത്ത് നിൽക്കുന്നത്. ഈ സ്ഥിതി മാറണം. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണം
കെ.കെ.രവി, ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ