c
ഓണവിപണിയിലേക്ക് ഉടുത്തൊരുങ്ങി കൊല്ലം

കൊല്ലം: മഴക്കെടുതി മറികടന്ന് ഓണത്തിരക്കിലേക്ക് കടക്കുകയാണ് വിപണി.നിത്യോപയോഗ സാധനങ്ങൾ മുതൽ ഗൃഹോപകരണങ്ങൾ വരെ നിരന്നു കഴിഞ്ഞു. ബോണസ് വിതരണം ആരംഭിച്ചതോടെ കച്ചവടകേന്ദ്രങ്ങൾ സജീവമായിത്തുടങ്ങി.

കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ്പ് മാർക്കറ്റുകൾ വിലക്കുറവുമായി ദിവസങ്ങൾക്കുള്ളിൽ സജ്ജമാകും. പൂഴ്‌ത്തിവയ്പ്പും അമിത വിലക്കയറ്റവും തടയുന്നതിനൊപ്പം ഗുണനിലവാരം കൂടി ഉറപ്പ് വരുത്താൻ വ്യാപാര കേന്ദ്രങ്ങൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ജില്ലാ കളക്‌ടറുടെ നിർദേശ പ്രകാരം സംയുക്ത സംഘം പരിശോധന നടത്തും.

 സപ്ലൈകോ ഓണം ഫെയർ

സപ്ലൈകോയുടെ ഓണം ഫെയർ ഞായറാഴ്‌ച പീരങ്കി മെെതാനത്ത് ആരംഭിക്കും. പത്ത് ദിവസത്തെ മേളയിൽ ഹോർട്ടി കോർപ്പ്, മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യ, കുടുംബശ്രീ തുടങ്ങിയവയുടെ സ്റ്റാളുകളുമുണ്ടാകും. പൊതുവിപണിയിൽ നിന്ന് 20 മുതൽ 25 ശതമാനം വരെ വിലക്കുറവ് ലഭിക്കും. നിയോജക മണ്ഡല കേന്ദ്രങ്ങളിലും മേളകൾ തുടങ്ങും. സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ എന്നിവിടങ്ങളിലും ഓണം ഫെയറുകൾ ഉണ്ടാകും. എല്ലാ നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകളും ലഭിക്കും.

കൺസ്യൂമർഫെഡും വിപണിയിലേക്ക്

പ്രത്യേക ഓണം മേള തിങ്കളാഴ്‌ച ആരംഭിക്കും.ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, നീതി സ്റ്റോറുകൾ എന്നിവിടങ്ങൾ സജീവമാകും. പ്രാഥമിക സഹകരണ സംഘങ്ങളും കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ മേളകൾ സജ്ജമാക്കും.

ഹോർട്ടികോർപ്പിൽ

പച്ചക്കറി വാങ്ങാം,വില്ക്കാം

10 ഔട്ട്ലെറ്റുകൾ, 2 ലൈസൻസി ഷോപ്പുകൾ

നാട്ടുകാരായ കർഷകരിൽ നിന്ന് പരമാവധി ഉൽപ്പന്നങ്ങൾ സംഭരിച്ച് ജനങ്ങൾക്ക് വില്ക്കാനാണ് ഹോർട്ടികോർപ്പ് ലക്ഷ്യമിടുന്നത്. ജില്ലയിൽ 10 ഔട്ട്ലെറ്റുകളും 22 ലൈസൻസി ഷോപ്പുകളുമുണ്ട്. ഇതിന് പുറമെ സപ്ലൈകോ, കൃഷി വകുപ്പ്, വി.എഫ്.പി.സി.കെ എന്നിവയുമായി സഹകരിച്ചും സ്വന്തം നിലയിലും കൂടുതൽ വിപണന കേന്ദ്രങ്ങൾ ഓണക്കാലത്ത് തുറക്കും. വിഷരഹിത പച്ചക്കറി വിലക്കുറവിൽ ലഭ്യമാക്കും.

 വിലക്കുറവിൽ ഓണക്കോടി

സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റ് തെറ്റിക്കാതെ വിലക്കുറവിൽ തുണിത്തരങ്ങൾ ലഭ്യമാക്കാനാണ് കൂറ്റൻ വസ്ത്രശാലകൾ മുതൽ ചെറിയ കടകൾ വരെ ശ്രമിക്കുന്നത്. സർക്കാരിന്റെ സബ്സിഡിയോടെ കൈത്തറി - ഖാദി വിൽപ്പന മേളകളും തുടങ്ങി. കൊല്ലം പാർവതി മിൽ പരിസരത്തുൾപ്പെടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കൈത്തറി മേളകളുണ്ട്.

 ഗൃഹോപകരണങ്ങളുടെ

വിസ്‌മയ വിൽപ്പന

സർക്കാർ ഇടപെടൽ ഗൃഹോപകരണ വിപണിയിൽ സജീവമല്ല. എങ്കിലും വലിയ വിലക്കുറവാണ് ഗൃഹോപകരണ നിർമ്മാതാക്കളും വിൽപ്പനക്കാരും പ്രഖ്യാപിച്ചത്. പഴയ സാധനങ്ങൾ മാറ്റിവാങ്ങാൻ കൂടി അവസരമൊരുക്കിയതോടെ ഓണം വിൽപ്പനയുടെ സിംഹഭാഗവും ഗൃഹോപകരണ വിപണിയിൽ കേന്ദ്രീകരിക്കുമെന്നാണ് വിലയിരുത്തൽ.

കശുഅണ്ടിയുടെ കൊല്ലം,

തൊഴിലാളികളുടെ ഓണം

കശുഅണ്ടി തൊഴിലാളികൾക്ക് ബോണസ് ലഭിക്കുന്നതോടെ ഓണവിപണി സജീവമാകുന്നതായിരുന്നു കൊല്ലത്തിന്റെ പാരമ്പര്യം. സ്വകാര്യ ഫാക്ടറികൾ മിക്കതും അടച്ചുപൂട്ടിയതോടെ പതിനായിരക്കണക്കിന് കശുഅണ്ടി തൊഴിലാളികളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായി. കാപ്പെക്‌സിന്റെയും കശുഅണ്ടി വികസന കോർപറേഷന്റെയും ഫാക്ടറികളാണ് ആശ്വാസം. അവരുടെ ഫാക്ടറികളിൽ തൊഴിലാളികൾ തയ്യാറാക്കിയ പരിപ്പ് 25 ശതമാനം വിലക്കുറവിലാണ് ഓണക്കാലത്ത് വിൽക്കുന്നത്.