തിങ്കളാഴ്ച മന്ത്രി എ.സി. മൊയ്‌തീൻ ജനങ്ങൾക്കായി തുറന്ന് നൽകും
കൊല്ലം: ആശ്രാമത്ത് നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പാർക്ക് വൈവിധ്യ മേഖലകളിൽ ജീവിതത്തെ അടയാളപ്പെടുത്തിയ തങ്ങൾകുഞ്ഞ് മുസലിയാരുടെ നിത്യസ്‌മാരകമാകും. ടി.കെ.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ തങ്ങൾകുഞ്ഞ് മുസലിയാരുടെ പേര് പാർക്കിന് നൽകാൻ കഴിഞ്ഞ നഗരസഭാ കൗൺസിലാണ് തീരുമാനമെടുത്തത്. തിങ്കളാഴ്ച വൈകിട്ട് 5ന് മന്ത്രി എ.സി. മൊയ്‌തീൻ പാർക്ക് ഉദ്ഘാടനം ചെയ്യും.
ആശ്രാമത്തെ ക്രൈം ബ്രാഞ്ച് ഓഫീസിനും ട്രാഫിക് പൊലീസ് സ്റ്റേഷനും ഇടയിൽ കാടുമൂടി കിടന്ന ഭാഗത്താണ് വിപുലമായ സൗകര്യങ്ങളോടെ പാർക്ക് നിർമ്മിച്ചത്. ആശ്രാമത്ത് അഡ്വഞ്ചർ പാർക്ക്, കുട്ടികൾക്കുള്ള പാർക്ക് എന്നിവയുണ്ടെങ്കിലും അവധി ദിനങ്ങളിലെത്തുന്ന ജനങ്ങളെ ഉൾക്കൊള്ളാൻ രണ്ട് പാർക്കുകൾക്ക് മാത്രമായി കഴിയാറില്ല. സായാഹ്നം ചെലവഴിക്കാൻ കൂടുതൽ ആളുകൾ ആശ്രാമത്തും പരിസരത്തും എത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് അമൃത് പദ്ധതിയിൽ നിന്ന് പണം ചെലവഴിച്ച് പുതിയ പാർക്ക് നഗരസഭ നിർമ്മിച്ചത്.
നടത്തിപ്പ് ഏജൻസിക്ക്
ഓണം ആഘോഷിക്കാൻ നഗരത്തിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് വേഗത്തിൽ ഉദ്ഘാടനം നടത്തുന്നത്. ഉദ്ഘാടനത്തിന് ശേഷം പാർക്കിന്റെ നടത്തിപ്പ് ഏതെങ്കിലും സർക്കാർ - സ്വകാര്യ ഏജൻസികൾക്ക് കൈമാറാനാണ് നഗരസഭ ആലോചിക്കുന്നത്.
പാർക്കിന്റെ നടത്തിപ്പിന് ദൈനംദിന ചെലവ് കൂടുതലുള്ളതിനാൽ വരുമാനം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
സൗകര്യങ്ങളിൽ മാത്രമല്ല, സുരക്ഷയിലും മുന്നിൽ
മനോഹരമായ ഇരിപ്പിടങ്ങൾ, കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ, പൂന്തോട്ടം, ശുചിമുറികൾ, കഫെറ്റീരിയ എന്നിവ പാർക്കിന്റെ പ്രത്യേകതകളാണ്. ചെടികളും പുൽത്തകിടികളും പരിപാലിക്കുന്നതിനായി ജലചേന സംവിധാനവും ഒരുക്കി.
ജനങ്ങളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകി സി.സി.ടി.വി കാമറകൾ ഉടൻ സ്ഥാപിക്കും. ഉദ്ഘാടന ഘട്ടത്തിൽ കഫെറ്റീരിയ പ്രവർത്തിക്കില്ല. നടത്തിപ്പ് അവകാശം ഏതെങ്കിലും ഏജൻസികൾക്ക് പിന്നീട് കൈമാറും.
വൈകാതെ തുറക്കും, രണ്ട് പാർക്കുകൾ കൂടി
നഗരസഭ ഓഫീസ് വളപ്പിൽ നിർമ്മിച്ച പാർക്കും സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിന് എതിർവശത്ത് നവീകരിച്ച നെഹ്റു പാർക്കും വൈകാതെ തുറന്ന് നൽകും.
കൂറ്റൻ മരങ്ങളുടെ തണലാണ് നഗരസഭാ വളപ്പിലെ പാർക്കിനെ ആകർഷകമാക്കുന്നത്. മരങ്ങൾക്ക് ചുറ്റും തറ കെട്ടി ഗ്രാനൈറ്റ് പാളികൾ പാകി ഇരിക്കാനുള്ള സൗകര്യവും സജ്ജമാക്കി. നൂറുകണക്കിന് ആളുകൾ നിത്യവും നഗരസഭയിൽ എത്തുന്നതിനാൽ പാർക്കിന് അനുബന്ധമായി ആധുനിക ശുചിമുറികളും നിർമ്മിച്ചിട്ടുണ്ട്.
ആശ്രാമത്ത് വിനോദത്തിനായി കൂടുതൽ ആളെത്തുന്നതിനാലാണ് തങ്ങൾകുഞ്ഞ് മുസലിയാർ പാർക്ക് നിർമ്മിച്ചത്. മറ്റ് രണ്ട് പാർക്കുകൾ കൂടി വൈകാതെ തുറന്ന് നൽകും.
എം.എ. സത്താർ,
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ
കൊല്ലം നഗരസഭ