dam
ജലനിരപ്പ് ഉയർന്ന തെന്മല പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശം

പുനലൂർ: ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ തെന്മല പരപ്പാർ അണക്കെട്ടിൽ വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിച്ചു. ഇതിനിടെ അണക്കെട്ടിൽ നിന്നുള്ള അധിക ജലം ഒഴുക്കിവിടുമെന്ന വാർത്ത പരന്നത് ജനങ്ങളെ കടുത്ത ആശങ്കയിലാക്കി.

ഇന്നലെ വൈകിട്ട് 6 മുതൽ ഇന്ന് രാത്രി പത്ത് വരെയുള്ള 28 മണിക്കൂറിൽ തുടർച്ചയായി വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ വൃഷ്ടി പ്രദേശത്തെ ജലനിരപ്പിൽ എത്രത്തോളം കുറവ് സംഭവിക്കുമെന്ന് വിലയിരുത്താനാണ് അധികൃതർ വൈദ്യുതി ഉൽപ്പാദനത്തിന്റെ സമയം വർദ്ധിപ്പിച്ചത്. ഇതിന് ശേഷം പഴയ നിലയിൽ തന്നെയായിരിക്കും വൈദ്യുതി ഉൽപ്പാദനം തുടരുക. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പദ്ധതി പ്രദേശത്ത് കാര്യമായ തോതിൽ മഴ ലഭിക്കാതെ വന്നതോടെ അണക്കട്ടിൽ ക്രമാതീതമായ നിലയിൽ ജലനിരപ്പ് ഉയർത്തിയിരുന്നില്ല.ട

115.82 മീറ്റർ പൂർണ്ണ സംഭരണ ശേഷിയുളള അണക്കെട്ടിൽ 110.10 മീറ്റർ ജലനിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അണക്കെട്ടിലെ ഷട്ടറിന് മുകളിൽ വരെ വെള്ളം ഉയർന്നെങ്കിലും വെള്ളം തുറന്ന് വിടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. സാധാരണ നിലയിൽ 115.45 മീറ്റർ വരെ ജലനിരപ്പ് ഉയരുമ്പോഴാണ് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്ന് വെളളം പുറത്തേക്ക് വിടാറുള്ളത്.

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെ തുടർന്ന് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും എട്ട് അടി വീതം തുറന്ന് വെള്ളം കല്ലടയാറ്റിലൂടെ ഒഴുക്കിയിരുന്നു. ഇതുകാരണം പുനലൂർ ടൗൺ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി വൻ നാശം സംഭവിച്ചു. ഇതാണ് അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കുമെന്ന വാർത്ത ജനങ്ങളെ ഭീതിയിലാക്കാൻ മുഖ്യകാരണം.

പവർ ഹൗസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രണ്ട് ജനറേറ്റുകളിൽ ഒന്ന് മാത്രമാണ് പ്രവർത്തിക്കുന്നത്.ഇതിൽ നിന്നും ദിവസവും നാല് മണിക്കൂർ വീതം വൈദ്യു ഉത്പാദിപ്പിച്ച ശേഷം പുറത്തേക്ക് വരുന്ന വെള്ളമാണ് കല്ലടയാറ്റിലൂടെ ഒഴുക്കുന്നത്. ഇത് കാരണം ഒറ്റക്കൽ തടയണ അടക്കമുളള നിരവധി പ്രദേശങ്ങൾ വരണ്ട് കിടക്കുകയാണ് .ഇവിടെ പെട്ടന്ന് ജനനിരപ്പ് ഉയരുന്നതിനുളള മുന്നറിയിപ്പാണ് അധികൃതർ നൽകിയത്