പരവൂർ: തനിച്ച് താമസിക്കുന്ന വൃദ്ധജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജനമൈത്രി പൊലീസ് നടപ്പിലാക്കുന്ന ബെൽ ഓഫ് ഫെയ്ത്ത് പദ്ധതിക്ക് പരവൂരിൽ തുടക്കമായി. ആദ്യഘട്ടത്തിൽ അഞ്ച് വീടുകളിലാണ് പദ്ധതി പ്രകാരമുള്ള ഉപകരണം സ്ഥാപിച്ചത്. നെടുങ്ങോലം, പരവൂർ, കലയ്ക്കോട്, ഇടയാടി, പൂതക്കുളം എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽ സി.ഐ എസ്. സാനിയുടെ നേതൃത്വത്തിലുള്ള സംഘം ഉപകരണങ്ങൾ സ്ഥാപിച്ചു.
പദ്ധതി പ്രകാരം തനിച്ച് താമസിക്കുന്ന വ്യക്തിയുടെ സമീപത്തെ വീട്ടിൽ ഉപകരണത്തിന്റെ കൺട്രോൾ യൂണിറ്റ് സ്ഥാപിക്കും. ഇത് പ്രവർത്തിപ്പിക്കുന്ന റിമോട്ട് തനിച്ചു താമസിക്കുന്നയാളുടെ കൈവശമായിരിക്കും. അടിയന്തര സാഹചര്യങ്ങളിൽ റിമോട്ടിലെ ബട്ടൽ അമർത്തുന്നതോടെ അടുത്ത വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന കൺട്രോൾ യൂണിറ്റിന്റെ സൈറൺ മുഴങ്ങുകയും വ്യക്തിയുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് പദ്ധതി.