പാരിപ്പള്ളി: ദേശീയപാതയിൽ നിരവധി അപകടങ്ങളും മരണങ്ങളും നടന്ന മുക്കടയിൽ ഡിവൈഡർ നിർമ്മാണം ആരംഭിച്ചു. ഇന്നലെ ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ എത്തിയ സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ച് കോൺക്രീറ്റ് ഡിവൈഡറിന്റെ നിർമ്മാണം ആരംഭിച്ചു
ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഇരുമ്പ് ഡിവൈഡർ തകർന്നതോടെ ദേശീയപാത മരണക്കെണിയായി മാറിയ വിവരം കേരളകൗമുദി കഴിഞ്ഞ 24ന് വാർത്തയാക്കിയിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ ഡാലിയ ക്ലബിന്റെ നേതൃത്വത്തിൽ അയ്യായിരത്തോളം പേരുടെ ഒപ്പ് ശേഖരണവും നടന്നു. ഇതേതുടർന്നാണ് അധികൃതർ അടിയന്തര യോഗം ചേർന്ന് റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് 17,3000 രൂപ ചെലവഴിച്ച് കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനിച്ചത്.
ദേശീയപാതയും വർക്കല റോഡും സംഗമിക്കുന്ന സ്ഥലത്ത് നിരന്തരമുണ്ടായ അപകടങ്ങളിൽ പന്ത്രണ്ടോളം പേരുടെ ജീവൻ പൊലിഞ്ഞതിനെ തുടർന്നാണ് ഒരു വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഇരുപത്തി നാല് ലക്ഷത്തോളം രൂപ ചെലവഴിച്ച് പാത വീതി കൂട്ടി ഇരുമ്പ് ഡിവൈഡർ സ്ഥാപിച്ചത്. ഒരാഴ്ച മുമ്പ് ടെമ്പോയിടിച്ചും കഴിഞ്ഞ മാസം കെ.എസ്.ആർ.ടി.സി കളിയിക്കാവിള ഫാസ്റ്റ് ഫാസഞ്ചർ ഇടിച്ചും ഡിവൈഡറിന്റെ സിംഹഭാഗവും തകർന്നിരുന്നു.
അതേ സമയം ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ നാളുകയായുള്ള ആവശ്യം നടപ്പാക്കാൻ കഴിയില്ലെന്നാണ് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. വർക്കല റോഡിലേക്ക് ഗതാഗത തിരക്ക് അനുഭവപ്പെടുന്നില്ലെന്നും അതിനാൽ സിഗ്നൽ സംവിധാനം വേണ്ടെന്നുമുള്ള വിചിത്ര നിലപാടിലാണ് ഉദ്യോഗസ്ഥർ.