കുണ്ടറ: പൊലിസിന്റെ വാഹനപരിശോധന കുണ്ടറയിലെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടറ യൂണിറ്റ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രളയവും പിരിവുകളും സാമ്പത്തികമാന്ദ്യവും റോഡ് കൈയേറിയുള്ള അനധികൃത വഴിയോര വാണിഭങ്ങളും മൂലം വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് കടകളിലേക്ക് സാധനങ്ങൾ ഇറക്കാൻ പോലും സാധിക്കാത്ത വിധത്തിൽ കുണ്ടറയിലെ വിവിധ മേഖലകളിൽ പൊലീസിന്റെ വാഹന പരിശോധന. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്യുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് വ്യാപാരത്തെ സാരമായി ബാധിക്കുകയാണ്. റോഡിന്റെ വശങ്ങളെല്ലാം കൈയേറിയ വഴിവാണിഭക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവാത്ത സാഹചര്യത്തിലാണ് വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾ നിരന്തരമുണ്ടാവുന്നത്. പാർക്കിംഗിന് പിഴ ചുമത്തുന്നതിന് മുമ്പ് വാഹനങ്ങൾക്ക് പാർക്കിംഗിനുള്ള സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് സി.ബി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ. അനിൽകുമാർ, എ. നാസിമുദ്ദീൻ, ജി. ബാബുരാജൻ, എച്ച്. സഹദ്, പി.ആർ. അഖിലേഷ്, എസ്. ഭദ്രൻ, എഡിസൺ കാരപൊയ്ക, യു.കെ. ഷിഹാബുദ്ദീൻ, ലളിത എന്നിവർ സംസാരിച്ചു.