സി.ഐ രണ്ടാഴ്ചയായി അവധിയിൽ
12 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
പ്രതിമാസം അഞ്ഞൂറോളം പരാതികൾ
ദിവസം ശരാശരി നാല് ക്രൈം കേസുകൾ
കൊല്ലം: ആവശ്യത്തിന് പൊലീസുകാരില്ല, മേധാവിയായ സ്റ്റേഷൻ ഹൗസ് ഓഫീസറുമില്ല, ഇരവിപുരം പൊലീസ് സ്റ്റേഷൻ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സി.ഐ രണ്ടാഴ്ചയോളമായി അവധിയിലായിട്ടും ഇതുവരെ പുതിയ ആളെ നിയമിച്ചിട്ടില്ല. കേസുകളുടെ അന്വേഷണം ഇഴയുന്നതിന് പുറമെ പരാതികളുമായി എത്തുന്നവരും നിരാശരായി മടങ്ങുകയാണ്.
ഇരവിപുരം സ്റ്റേഷനിൽ 37 പൊലീസുകാരുടെ തസ്തികയുണ്ടെങ്കിലും 25 പേരേയുള്ളു. ഒരു എസ്.ഐ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി ക്രമസമാധാനവും കേസന്വേഷണവും പ്രത്യേകം വേർതിരിച്ചിട്ടുണ്ടെങ്കിലും ഇവിടെ അതെല്ലാം കടലാസിൽ മാത്രമാണ്. ക്രമസമാധാന ചുമതലയുള്ള എസ്.ഐ തന്നെ മാസങ്ങൾ പഴക്കമുള്ള കേസുകൾ അന്വേഷിക്കേണ്ട അവസ്ഥയാണ്. കേസന്വേഷണ ചുമതലയുള്ള എസ്.ഐ ക്രമസമാധാനവും നോക്കേണ്ടി വരുന്നു.
പരാതികൾ കുന്നുകൂടുന്നു; സ്ഥിതി ഗുരുതരം
നൂറ് കണക്കിന് പരാതികളാണ് ഓരോ ദിവസവും വരുന്നത്. ഈ പരാതികളെല്ലാം മേശപ്പുറത്ത് കുന്നുകൂടുകയാണ്. ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് കൈമാറിയ പരാതികളും ഇക്കൂട്ടത്തിലുണ്ട്. ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കേണ്ടി വരുന്നതിനാൽ എസ്.ഐമാർക്കും സ്റ്റേഷനിൽ സമയം ചെലവഴിച്ച് പരാതികൾ പരിശോധിക്കാനാകുന്നില്ല.
മറ്റ് സ്റ്റേഷനുകളിൽ ഒന്നോ രണ്ടോ ക്രൈം കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇവിടെ പതിവായി നാലും അഞ്ചും എണ്ണം ഉണ്ടാകും. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാത്തതിനാൽ പ്രതികൾ വാദികളെ ഭീഷണിപ്പെടുത്തി ഒത്തുതീർപ്പിലെത്തുകയാണ്. ഒരുമാസം ശരാശരി അഞ്ഞൂറ് പരാതികളെങ്കിലും എത്താറുണ്ട്.
അധികാരപരിധി കണ്ണെത്താ ദുരത്തോളം
പോളയത്തോട് മുതൽ മേവറം വരെയും കാക്കത്തോപ്പ് മുതൽ പൊഴിക്കര വരെയും പാർവ്വത്യാർ മുക്ക് മുതൽ കൊച്ചുഡീസന്റ് മുക്ക് വരെയുമായി ഇരവിപുരം സ്റ്റേഷന്റെ അധികാര പരിധി കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുകയാണ്.
ഇതെല്ലാം പോരാഞ്ഞിട്ട് ഏഴ് സുനാമി കോളനികളും ഉണ്ട്. അവിടങ്ങളിൽ എന്നും അടിയും വഴക്കുമാണ്. ഓരോ സുനാമി കോളനിയിലും ഒരു ഉദ്യോഗസ്ഥനെ നിയമിക്കേണ്ട അവസ്ഥയാണുള്ളത്.
37 പൊലീസുകാരുടെ തസ്‌തിക
നിലവിലുള്ളത് 25 പേർ
ഒരു എസ്.ഐ തസ്തികയിലും ഒഴിവ്