കരുനാഗപ്പള്ളി: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള രണ്ടാം കാവാടം കെട്ടി അടയ്ക്കാനുള്ള റെയിൽവേ ഉദ്യോഗസ്ഥരുടെ തീരുമാനം പുനപരിശോധിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. ഒരു വർഷത്തിനുള്ളിൽ മൂന്ന് പ്രാവശ്യം ഉദ്യോഗസ്ഥർ കവാടം അടയ്ക്കാനായി എത്തിയെങ്കിലും യാത്രക്കാരുടെയും പ്രദേശവാസികളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. രണ്ടാം കവാടം അടച്ചാൽ കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാർ അര കിലോമീറ്ററോളം അധികം യാത്ര ചെയ്തു വേണം റെയിൽവേ സ്റ്റേഷനിൽ എത്താൻ. റെയിൽവേ സ്റ്റേഷന് തെക്ക് വശമുള്ള റെയിൽവേ ഗേറ്റ് അടഞ്ഞ് കിടന്നാൽ യാത്രക്കാർക്ക് സമയത്തിന് ട്രെയിൻയാത്ര ചെയ്യാനാകില്ല. ഒന്നിലധികം ട്രെയിനുകൾ ഗേറ്റ് കടക്കേണ്ടി വന്നാൽ യാത്രക്കാർ ചുരുങ്ങിയത് കാൽ മണിക്കൂറെങ്കിലും ഗേറ്രിൽ കാത്തു നിൽക്കേണ്ടിവരും. ഗേറ്റ് തുറന്ന് യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരിക്കും. വർഷങ്ങളായി യാത്രക്കാർ ഉപയോഗിക്കുന്ന രണ്ടാം കവാടം അടച്ച് പൂട്ടാതിരിക്കാനുള്ള നടപടി റെയിൽവേയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
രണ്ടാം കവാടം
റെയിൽവേ സ്റ്റേഷന്റെ അത്രയും തന്നെ പഴക്കമുണ്ട് സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള രണ്ടാം കവാടത്തിന്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി, മൈനാഗപ്പള്ളി, കാളകുത്തുംപൊയ്ക, പതാരം, ശാസ്താംകോട്ട തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്നുള്ള നൂറ് കണക്കിന് യാത്രക്കാരാണ് രണ്ടാം കവാടത്തിലൂടെ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. രണ്ടാം കവാടമുള്ളതിനാൽ വലിയ തിക്കും തിരക്കും ഇല്ലാതെ തന്നെ ഇവർക്ക് ട്രെയിൻ യാത്ര ചെയ്യാൻ കഴിയും.
റെയിൽവേയുടെ പുതിയ കണ്ടെത്തൽ
യാത്രക്കാർ രണ്ടാം കവാടത്തിലൂടെ കടന്ന് വന്നാൽ അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് റെയിൽവേയുടെ പുതിയ കണ്ടെത്തൽ. എന്നാൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇത്തരത്തിലുള്ള ഒരു അപകടവും ഉണ്ടായിട്ടില്ലെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. ഇരുചക്ര വാഹനങ്ങൾ റെയിൽവേയുടെ സ്ഥലത്ത് പാർക്ക് ചെയ്യുന്നത് തടയാനായി കവാടത്തിൽ പാളത്തിന്റെ ചെറിയ തുണ്ടുകൾ താഴ്ത്തി നിറുത്തുന്നതിൽ യാത്രക്കാർക്ക് പരാതിയില്ല. എന്നാൽ കവാടം പൂർണമായും അടയ്ക്കാൻ അനുവദിക്കില്ലെന്നാണ് യാത്രക്കാർ ഒന്നടങ്കം പറയുന്നത്.