കൊല്ലം:സംരക്ഷിക്കാൻ ആരുമില്ലെന്ന സങ്കടവുമായാണ് എൺപതോളം വയസുള്ള അമ്മ നിസഹായയായി വനിതാ കമ്മിഷൻ അംഗങ്ങൾക്ക് മുന്നിലെത്തിയത്. മൂന്നു പെൺമക്കളുള്ള തന്നെ ലേലം വിളിക്കുന്ന സാഹചര്യമുണ്ടാവരുതേ എന്നായിരുന്നു ആ അമ്മയുടെ യാചന. രണ്ടു പെൺമക്കൾ വിവാഹിതരും ഉദ്യോഗസ്ഥരുമാണ്. ഒരു മകൾ വിവാഹമോചിത. മൂത്തവർ നോക്കട്ടെയെന്ന് ഇളയ മകൾ. തങ്ങൾക്ക് ഒറ്റയ്ക്ക് നോക്കാൻ കഴിയില്ലെന്ന് മറ്റ് രണ്ടു പേരും. ഭക്ഷണം കൊടുക്കാനും സ്വന്തം പേരിൽ സമ്പത്തില്ലാത്ത അമ്മയെ ഏറ്റെടുക്കാനും സ്നേഹിക്കാനും മക്കൾ തയ്യാറല്ല. ബോധവത്കരിച്ചും നിയമനടപടികൾ ഉപദേശിച്ചും മക്കളെ നേർവഴിക്ക് കൊണ്ടുവരാനാണ് വനിതാ കമ്മിഷൻ ശ്രമിക്കുന്നത്. അമ്മമാരെ ബാദ്ധ്യതയായി കാണുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് കമ്മിഷനംഗം അഡ്വ.എം.എസ് താര പറയുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വയോജന സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പാക്കേണ്ട സമയം അതിക്രമിച്ചെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.
കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ കുടുംബപ്രശ്നം ഉൾപ്പെടെ 80 കേസുകളാണ് പരിഗണിച്ചത്. 14 കേസുകൾ പരിഹരിച്ചു. 64 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. കമ്മിഷൻ അംഗങ്ങളായ ഡോ.ഷാഹിദാ കമാൽ, ഇ.എം.രാധ എന്നിവരും അദാലത്തിൽ പങ്കെടുത്തു.