മെറ്റൽ റീ പാക്കിംഗ് അന്തിമ ഘട്ടത്തിൽ
പുനലൂർ: എട്ട് വർഷം മുമ്പ് ബ്രോഡ്ഗേജ് പാതയാക്കി മാറ്റിയ പുനലൂർ - കൊല്ലം റെയിൽവേ പാതയുടെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘത്തിൽ. മെറ്റൽ റീ പാക്കിംഗ് അടക്കമുള്ള നവീകരണമാണ് പൂർത്തിയാവുന്നത്. പുനലൂർ - ആവണീശ്വരം റൂട്ടിലാണ് ഇപ്പോൾ മെറ്റൽ റീ പാക്കിംഗ് നടന്ന് വരുന്നത്. കുണ്ടറ, കൊട്ടാരക്ക റൂട്ടിലെ റീ പാക്കിംഗ് ജോലികൾ നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു. സേലത്ത് നിന്നെത്തിച്ച ആധുനിക യന്ത്രം ഉപയോഗിച്ചാണ് മെറ്റൽ റീ പാക്കിംഗ് പ്രവർത്തനം നടക്കുന്നത്. ഗേജ്മാറ്റ ജോലികൾ പൂർത്തിയാക്കി അഞ്ച് വർഷം പിന്നിടുമ്പോൾ ട്രാക്കിലെ മെറ്റൽ റീ പാക്കിംഗ് അടക്കമുള്ള നവീകരണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. അതിന്റെ ഭാഗമായാണ് 2011ൽ ഗേജ്മാറ്റ ജോലികൾ പൂർത്തിയാക്കി ട്രെയിൻ സർവീസ് ആരംഭിച്ച പുനലൂർ - കൊല്ലം റൂട്ടിലെ 45 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് മെറ്റൽ റീ പാക്കിംഗ് അടക്കമുള്ള നവീകരണ ജോലികൾ പുരോഗമിക്കുന്നത്. എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോസ്ഥരുടെയും റെയിൽവേ പൊലീസിന്റെയും മേൽ നോട്ടത്തിലാണ് നവീകരണ ജോലികൾ പുരോഗമിക്കുന്നത്. അടുത്ത ആഴ്ചയോടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പ്രതിഷേധം
ആവണീശ്വത്തെ റെയിൽവേ ക്രോസിംഗ് ഒഴിവാക്കി പകരം സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മീറ്റർ ഗേജ് പാതയായിരുന്ന കൊല്ലം -ചെങ്കോട്ട പാതയിലെ പുനലൂർ മുതൽ കൊല്ലം വരെയുളള ഭാഗമാണ് ബ്രോഡ്ഗേജ് പാതയാക്കി മാറ്റിയത്. തുടർന്ന് വർഷങ്ങൾ പിന്നിട്ട ശേഷമാണ് അവശേഷിച്ച ഭാഗമായ പുനലൂർ - ചെങ്കോട്ട ഭാഗത്തെ മീറ്റർ ഗേജ് പാത ഒഴിവാക്കി ബ്രോഡ്ഗേജ് പാതയാക്കി മാറ്റി ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.
പുനലൂർ - കൊല്ലം റൂട്ടിലെ 45 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് മെറ്റൽ റീ പാക്കിംഗ് അടക്കമുള്ള നവീകരണ ജോലികളാണ് പുരോഗമിക്കുന്നത്