mother

 പാവപ്പെട്ട രോഗികൾക്ക് നീതി ലഭിക്കുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിമർശനം

കൊല്ലം: പിറന്നിട്ട് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെയും അമ്മയെയും പൊളിക്കാനായി ഒഴിച്ചിട്ട പഴയ പേവാർഡിൽ താമസിപ്പിക്കാൻ ശ്രമിച്ച വിക്ടോറിയ ആശുപത്രി ഉന്നതരെ സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ വഴിവിട്ട നീക്കം. പിഞ്ചുകുഞ്ഞിനോട് ആശുപത്രി ഉന്നതർ കാട്ടിയ നീതികേട് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത വന്നതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന അടിയന്തര ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വാർത്ത ചോർത്തി നൽകിയവരെ കണ്ടെത്താൻ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലേഖ വേണുഗോപാൽ ചെയർപേഴ്സണായി നാലംഗ സമിതിയെയാണ് നിയോഗിച്ചത്. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

വിക്ടോറിയയിലെ ഗ്രേഡ് 2 അറ്രൻഡറുടെ മകളായ യുവതിയും കുഞ്ഞുമാണ് നീതികേടിന് ഇരകളായത്. കഴിഞ്ഞയാഴ്‌ചയാണ് പ്രസവത്തിനായി യുവതിയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ സ്റ്റാഫ് സിക്ക് റൂമിൽ മകളെയും നവജാത ശിശുവിനെയും പ്രവേശിപ്പിക്കാൻ ജീവനക്കാരി ആർ.എം.ഒ യുടെ അനുമതി തേടിയിരുന്നു. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും സ്റ്റാഫ് സിക്ക് റൂമിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം അവരെ മുറിയിൽ നിന്ന് പുറത്താക്കി. വെള്ളവും വെളിച്ചവുമില്ലാതെ പൊളിക്കാനിട്ടിരിക്കുന്ന പഴയ പേ വാർഡിലെ മുറി വൃത്തിയാക്കി അവിടെ തങ്ങാനായിരുന്നു ആശുപത്രി മേധാവിയുടെ നിർദ്ദേശം. യുവതിയുടെ അമ്മയും ബന്ധുക്കളും പേ വാർഡ് വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും താമസ യോഗ്യമല്ലെന്ന് മനസിലാക്കി ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

 സ്റ്റാഫ് സിക്ക് റൂം ആവശ്യപ്പെട്ടത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; തങ്ങിയത് സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബന്ധു

ജില്ലാ പഞ്ചായത്തിലെ ഒരു സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബന്ധുവിന് വേണ്ടി സ്റ്റാഫ് സിക്ക് റൂം ആവശ്യപ്പെട്ടത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണെന്നാണ് സൂചന. പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് സിക്ക് റൂമിൽ നിന്ന് ആശുപത്രി ജീവനക്കാരിയുടെ മകളെയും നവജാത ശിശുവിനെയും ഒഴിപ്പിച്ചതെന്ന് ആശുപത്രിയിലെ ഉന്നതൻ എച്ച്.എം.സി യോഗത്തിൽ പറഞ്ഞു. ആശുപത്രിയിലെ ഉന്നതരെ സംരക്ഷിക്കാൻ വഴിവിട്ട നീക്കം നടത്തുന്നതിന് പിന്നിലെ കാരണങ്ങൾ ഇതോടെ വ്യക്തമാണ്.

 'വിക്ടോറിയയിലെ നീതി കേട്';

ജില്ലാ പഞ്ചായത്ത് യോഗത്തിലും ചർച്ച

ഇന്നലെ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിക്ടോറിയ ആശുപത്രിയിലെ നീതികേട് സജീവ ചർച്ചയായി. ആശുപത്രിയിലെ വിവാദങ്ങളെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് നെടുവത്തൂർ ഡിവിഷൻ പ്രതിനിധി എസ്. പുഷ്‌പാനന്ദനാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ ഇത്തിക്കരയുടെ പ്രതിനിധി എൻ. രവീന്ദ്രനും ഇതേക്കുറിച്ച് സംസാരിച്ചു.

വിക്ടോറിയയിലും ജില്ലാ ആശുപത്രിയിലും ഉദ്യോഗസ്ഥരും സ്ഥാപന മേധാവികളും തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നു. രണ്ടിടത്തും പാവങ്ങൾക്ക് നീതി ലഭിക്കാത്ത സാഹചര്യമുണ്ടെന്നും വിമർശനമുയർന്നു. വിക്ടോറിയ ആശുപത്രിയിലെ സംഭവങ്ങൾ ചോർത്തി നൽകിയവരെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇതിന് നൽകിയ മറുപടി.