പുനലൂർ: സുഹൃത്തിനെ ബിയർ കുപ്പി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ആര്യങ്കാവ് പാണ്ഡ്യൻപാറ കുന്നക്കാട്ട് വീട്ടിൽ റിൻസ് മാത്യൂവിനെ (28) തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ആര്യങ്കാവ് പാണ്ഡ്യൻപാറ സ്വദേശി ബിനീഷിനെയാണ് പ്രതി ബിയർ കുപ്പി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. മെയ് മാസം അഞ്ചിന് ആര്യങ്കാവിലെ ബിയർ പാർലറിന് സമീപത്ത് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായിരുന്നു റിൻസ് മാത്യു. ഇയാളുടെ കഞ്ചാവ് വില്പനയെ കുറിച്ചുള്ള വിവരം ബിനീഷ് മസിലാക്കിയിരുന്നു. ബിനീഷ് ഇത് പുറത്ത് പറയുമെന്ന് ഭയന്നാണ് ബിയർ പാർലറിന് സമീപം വിളിച്ച് വരുത്തിയ ശേഷം പ്രതി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.