c
സമ്മാനച്ചിട്ടി തട്ടിപ്പിൽ പരാതി പ്രവാഹം, നാട്ടുകാർക്ക് നഷ്ടമായത് രണ്ട് കോടി

കൊട്ടാരക്കര: സമ്മാനച്ചിട്ടിയിലൂടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ പരാതിക്കാർ രംഗത്ത്. ഇന്നലെ മുപ്പതിൽപ്പരം പരാതികളാണ് കൊട്ടാരക്കര പൊലീസിന് ലഭിച്ചത്. മുഖ്യപ്രതി ബാലരാമപുരം അന്തിയൂർ കടച്ചകുഴി എസ്.കെ നിവാസിൽ സജികുമാറിനെ (42) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിട്ടിക്കമ്പനിയിലെ ജീവനക്കാരടക്കം കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. സജികുമാർ പിടിയിലായതറിഞ്ഞാണ് കൂടുതൽ പരാതിക്കാർ എത്തിയത്. രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് കേന്ദ്രീകരിച്ച് സ്ഥാപിച്ച എസ്.കെ ചാരിറ്റബിൾ ട്രസ്റ്റ് (ചിഞ്ചു ചാരിറ്റബിൾ ട്രസ്റ്റ്) എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. ദിവസപ്പിരിവ്, ആഴ്ചപ്പിരിവ്, മാസപ്പിരിവ് എന്നിങ്ങനെയാണ് ചിട്ടി നടത്തിയിരുന്നത്. കാർ, ഇരുചക്ര വാഹനം, കമ്പ്യൂട്ടർ, ടെലിവിഷൻ, കസേര, പാത്രങ്ങൾ, പട്ടുസാരി തുടങ്ങിയ സമ്മാനങ്ങളും പ്രഖ്യാപിച്ചു.നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നവർ തുടർന്ന് പണം അടയ്ക്കേണ്ടതില്ലാത്തതിനാൽ ധാരാളംപേർ ചിട്ടിയിൽ ചേർന്നിരുന്നു. 1500ൽപ്പരം ആളുകളിൽ നിന്നും വൻ തുക പിരിച്ചെടുത്ത ശേഷമാണ് ചിട്ടിക്കമ്പനി പൂട്ടി ഉടമ സ്ഥലംവിട്ടത്. അന്ന് പൊലീസ് കേസെടുത്തിരുന്നെങ്കിലും പ്രതി മുങ്ങിയതിനാൽ കൂടുതൽ അന്വേഷണം നടന്നില്ല. റൂറൽ എസ്.പിയായി ഹരിശങ്കർ എത്തിയശേഷം ചീറ്റിംഗ് കേസുകളുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് സജികുമാറിന്റെ കേസ് ശ്രദ്ധയിൽ വന്നത്. ഉടൻതന്നെ പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തുകയും സി.ഐ ടി.ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രതിയ അറസ്റ്റ് ചെയ്യുകയുമായിരുന്നു. റിമാന്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.