കൊട്ടാരക്കര: തൃക്കണ്ണമംഗൽ പൊയ്കയിൽ ജംഗ്ഷനിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ മൂന്നുമാസമായി ഈ റോഡ് വെള്ളക്കെട്ടിലാണ്. റോഡിനിരുവശവുമുള്ള ഓടകൾ മണ്ണും ചെളിയും കയറി മൂടിയതിനാൽ മഴവെള്ളം ഒഴുകിപ്പോകാനാകാതെ റോഡിൽ തന്നെ കെട്ടിനിൽക്കുകയാണ്. ഇതുവഴി കാൽനടയായി സ്കൂളുകളിലേക്കും മറ്റും പോകുന്ന കുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഴവെള്ളവും മറ്റുമാലിന്യങ്ങളും കെട്ടിക്കിടന്നു രൂപപ്പെടുന്ന ചെളിക്കുണ്ടിൽ മിക്കപ്പോഴും തെന്നിവീഴുന്നത് സ്കൂൾ കുട്ടികളായിരിക്കും. വെള്ളക്കെട്ടിൽ തകർന്ന റോഡിലെ ഗട്ടറുകളിൽ വീണ് ബൈക്ക് യാത്രക്കാർക്ക് അപകടം പറ്റുന്നത് പതിവ് കാഴ്ച്ചയാണ്. സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡിനു വശങ്ങളിലെ മതിൽക്കെട്ടുകൾ ബലക്ഷയം സംഭവിച്ച അവസ്ഥയിലാണ്. എത്രയും വേഗം ഓടകൾ തെളിച്ച് വെള്ളക്കെട്ടിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.