കൊല്ലം: നവജാത ശിശുവിനെയും അമ്മയെയും വിക്ടോറിയ ആശുപത്രിയിലെ സ്റ്റാഫ് സിക്ക് റൂമിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ക്രമരഹിതമായി ആർക്കും മുറി അനുവദിച്ചിട്ടില്ലെന്നും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ പ്രാഥമിക വിലയിരുത്തൽ. നവജാത ശിശുവിനെയും അമ്മയെയും സ്റ്റാഫ് സിക്ക് റൂമിൽ നിന്ന് പുറത്താക്കിയ ശേഷം ഉപയോഗശൂന്യമായ പഴയ പേവാർഡിൽ താമസിപ്പിക്കാൻ ശ്രമിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് വാർത്ത ചോർത്തിയവരെ കണ്ടെത്താൻ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലേഖ വേണുഗോപാലിന്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
ഇന്നലെ ആശുപത്രിയിലെ ഡോക്‌ടർമാരിൽ നിന്ന് കമ്മിഷൻ അംഗങ്ങൾ വിവരങ്ങൾ ശേഖരിച്ചു. അധികൃതർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയെങ്കിലും വാർത്ത ചോർത്തിയതാരെന്ന് കണ്ടെത്താനായില്ല. റിപ്പോർട്ട് തിങ്കളാഴ്‌ച സമർപ്പിക്കാനാണ് കമ്മിഷന്റെ തീരുമാനം. വിക്ടോറിയയിലെ ഗ്രേഡ് 2 അറ്രൻഡറുടെ മകളായ യുവതിയും കുഞ്ഞുമാണ് സിക്ക് റൂമിൽ നിന്ന് ഒഴിയേണ്ടി വന്നത്. ഇവിടെ മകളെയും നവജാത ശിശുവിനെയും പ്രവേശിപ്പിക്കാൻ അറ്റൻഡർ അനുമതി തേടിയിരുന്നു. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും റൂമിലെത്തിച്ചെങ്കിലും അധികം വൈകാതെ മുറി ഒഴിഞ്ഞു നൽകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്നാണ് പരാതി.
പഴയ പേ വാർഡിൽ പകരം സംവിധാനം ഒരുക്കാമെന്ന് ഇവരോട് പറഞ്ഞെങ്കിലും വൃത്തിഹീനമായ അവിടെ തങ്ങാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മറ്റാർക്കോ മുറി നൽകാൻ വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്നായിരുന്നു വിമർശനം. ജില്ലാ പഞ്ചായത്ത് ഉന്നതർ ആവശ്യപ്പെട്ടതനുസരിച്ച് കുഞ്ഞിനെയും അമ്മയെയും മുറിയിൽ നിന്ന് മാറ്റാൻ ശ്രമിച്ച സംഭവത്തിൽ അവർ തന്നെ അന്വേഷിക്കുന്നതിലെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
പഴയ പേ വാർഡിലെ മുറികൾ ജീവനക്കാർ കഴുകി വൃത്തിയാക്കി
വിക്ടോറിയ ആശുപത്രിയിൽ മാസങ്ങളായി ഉപയോഗിക്കാതെ കിടന്ന പേ വാർഡ് ഇന്നലെ ആശുപത്രി ജീവനക്കാർ കഴുകി വൃത്തിയാക്കി. സ്റ്റാഫ് സിക്ക് റൂമിൽ തങ്ങിയിരുന്ന നവജാത ശിശുവിനെയും അമ്മയെയും ഇവിടേക്ക് മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി. മുറികൾ കഴുകി വൃത്തിയാക്കിയിട്ടാൽ ആവശ്യമെങ്കിൽ ഇവിടെ രോഗികളെ താമസിപ്പിക്കാമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. താമസയോഗ്യമല്ലെന്ന് വിലയിരുത്തിയാണ് മാസങ്ങളായി പേ വാർഡ് ഒഴിച്ചിട്ടിരുന്നത്.